സഹകരണം മെച്ചപ്പെടുത്തും; ട്രംപുമായി ഫോണിൽ സംസാരിച്ച് സൗദി കിരീടാവകാശി
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ
സൽമാനും (ഫയൽ ഫോട്ടോ)
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന അവസരത്തിൽ അഭിനന്ദനങ്ങളും ഒപ്പം അമേരിക്കൻ ജനതക്ക് പുരോഗതിക്കും സമൃദ്ധിക്കും ആശംസകളും കിരീടാവകാശി അറിയിച്ചു. സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. തീവ്രവാദത്തെ ചെറുക്കുന്നതിന് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മധ്യപൗരസ്ത്യ മേഖലയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽവന്നു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
അഭൂതപൂർവമായ സാമ്പത്തിക അഭിവൃദ്ധി സൃഷ്ടിക്കുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തിന്റെ കഴിവ്, അമേരിക്കയിൽ പ്രതീക്ഷിക്കുന്ന പരിഷ്കാരങ്ങൾ, ഒപ്പം പങ്കാളിത്തത്തിനും നിക്ഷേപത്തിനും ലഭ്യമായ അവസരങ്ങളിൽ നിന്ന് പ്രയോജനം നേടാനുള്ള സൗദി അറേബ്യയുടെ ശ്രമം എന്നിവയും കിരീടാവകാശി സൂചിപ്പിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയുമായി വ്യാപാര ബന്ധം വിപുലീകരിക്കാൻ 600 ശതകോടി ഡോളറിന്റെ നിക്ഷേപങ്ങൾ കിരീടാവകാശി വാഗ്ദാനം ചെയ്തു.
കൂടുതൽ അവസരങ്ങൾ ലഭ്യമായാൽ നിക്ഷേപം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശിക്കും ട്രംപ് നന്ദി അറിയിച്ചു. പൊതുതാൽപ്പര്യങ്ങൾ നിറവേറ്റുന്ന എല്ലാ കാര്യങ്ങളിലും സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള താൽപ്പര്യം അമേരിക്കൽ പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.