‘കോപ് 16’ സമ്മേളനത്തിന് റിയാദിൽ തുടക്കം
text_fieldsറിയാദ്: വരൾച്ചയെ നേരിടാൻ 15 കോടി ഡോളറിന്റെ ആഗോള സംരംഭം തുടങ്ങാൻ സൗദി അറേബ്യ. വരൾച്ച ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങളിലാണ് സംരംഭം ആരംഭിക്കുന്നതെന്ന് സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 15 കോടി ഡോളറിന്റെ ഈ സംരംഭം നടപ്പാക്കും. റിയാദിൽ ആരംഭിച്ച ‘കോപ് 16’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക ഉൽപ്പാദനത്തിന്റെ കാര്യക്ഷമതയും കൃഷി ഭൂമികളുടെ സുസ്ഥിര പരിപാലനവും വർധിപ്പിക്കുന്നതിന് കാർഷിക ദേശീയ തന്ത്രം ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. കൂടാതെ ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ട് ഭക്ഷ്യ സുരക്ഷ ദേശീയ തന്ത്രവും മന്ത്രാലയം നടപ്പാക്കി വരുകയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി സൗദി ഒരു ദേശീയ ജല തന്ത്രം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനായി ജല പുനരുപയോഗ മേഖലയിൽ നിരവധി സംരംഭങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. 2030ഓടെ രാജ്യത്ത് ഊർജ് മിശ്രിതത്തിന്റെ 50 ശതമാനം എത്തുന്നതിന് പുനരുപയോഗ ഊർജത്തിന്റെ ശതമാനം വർധിപ്പിക്കുന്നതിനും ഉദ്വമനം കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ (കോപ് 16) 16ാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പദവി സൗദി അറേബ്യ അലങ്കരിക്കുന്നത് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടാണെന്നും മന്ത്രി പറഞ്ഞു. ഭൂമി പുനരധിവസിപ്പിക്കുന്നതിനും ഫലഭൂയിഷ്ഠതയും ചൈതന്യവും പുനഃസ്ഥാപിക്കുന്നതിനും മരുഭൂകരണത്തിനും വരൾച്ചക്കുമെതിരെ പോരാടുന്നതിനും അന്തർദേശീയ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഈ കൺവെൻഷന്റെ കാലാവധി രണ്ട് വർഷമാണ്.
മരുഭൂവത്കരണം, ഭൂമി ശോഷണം, വരൾച്ച എന്നിവ പ്രതിനിധാനംചെയ്യുന്ന ലോകത്തിലെ ഏറ്റവും സമ്മർദപരമായ വെല്ലുവിളികളിലൊന്നിനെ നേരിടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് റിയാദ് മേയർ അമീർ ഫൈസൽ ബിൻ അയ്യാഫ് പറഞ്ഞു. പരസ്പരബന്ധിതമായ ഈ പ്രതിഭാസങ്ങൾ നഗരപ്രദേശങ്ങൾക്കും സമൂഹങ്ങൾക്കും ഒരു ബഹുമുഖ ഭീഷണിയാണ്. ഇത് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രകടനത്തെ പ്രത്യേകിച്ച് നഗരങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയെ ബാധിക്കുന്നുവെന്നും മേയർ പറഞ്ഞു.
ഈ മാസം രണ്ടിന് ആരംഭിച്ച ‘കോപ് 16’ സമ്മേളനം 13ാം തീയതി വരെ നീളും. ആദ്യ ദിവസങ്ങളിൽ നിരവധി ഫോറങ്ങൾ, പ്രമുഖ ഇവന്റുകൾ, മന്ത്രിതല സംഭാഷണങ്ങൾ, ഭൂശോഷണം, വരൾച്ച എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ പ്രവർത്തനങ്ങളുടെയും സംരംഭങ്ങളുടെയും പ്രഖ്യാപനം എന്നിവ നടക്കും. സമ്മേളനത്തിൽ ഇന്ത്യൻ വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.