റീഎൻട്രി, വിസിറ്റിങ്, ബിസിനസ് വിസക്കാർക്ക് വരാമെന്ന് പാസ്പോർട്ട് വിഭാഗം
text_fieldsറിയാദ്: റീഎൻട്രിയിൽ രാജ്യത്തിന് പുറത്തുള്ള തൊഴിൽ, ആശ്രിത വിസക്കാർക്കും സന്ദർശ ന, ബിസിനസ് വിസക്കാർക്കും സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് സൗ ദി പാസ്പോര്‍ട്ട് വിഭാഗം. എന്നാൽ കൊറോണ ഗുരുതരമായി ബാധിച്ച രാജ്യക്കാര്‍ക്കും അവിടങ്ങൾ സന്ദര്‍ശിച്ചവര്‍ക്കും താല്‍ക്കാലിക പ്രവേശന നിയന്ത്രണം തുടരും. ഉംറ തീർഥാനത്തിനുൾപ്പെടെ രാജ്യത്തെത്തുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റീഎൻട്രിയിൽ പുറത്തുപോയവരുടെയും വിസിറ്റിങ് വിസക്കാരുടെയും സൗദിയിലേക്കുള്ള വരവിനെ കുറിച്ച് ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ സംശയം ചോദിച്ചവർക്ക് നൽകിയ മറുപടിയിലാണ് ജവാസാത്ത് അധികൃതർ ആ വിസകളിൽ പ്രവേശന നിയന്ത്രണമില്ല എന്ന് വ്യക്തമാക്കിയത്. കൊറോണ വൈറസ് (കോവിഡ്-19) പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച മുതലാണ് സൗദി അറേബ്യ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിദേശികളുടെ ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്ത്തിവെക്കുന്നതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്.
ഉംറക്കായി മക്കയിലോ മസ്ജിദുന്നബവി സന്ദർശനത്തിന് മദീനയിലേേക്കാ പോകാനാവില്ല. ഒപ്പം കൊറോണ സ്ഥിരീകരിച്ച 25 രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളിലും പ്രവേശനം തടഞ്ഞു. അഫ്ഗാനിസ്താൻ, അസർബൈജാൻ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, ഇറാൻ, ഇറ്റലി, ജപ്പാൻ, കസാഖ്സ്താൻ, മക്കാവോ, മലേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, സോമാലിയ, ദക്ഷിണ കൊറിയ, സിറിയ, തയ്വാൻ, തായ്ലൻഡ്, ഉസ്ബെക്കിസ്താൻ, വിയറ്റ്നാം, യമൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് ടൂറിസ്റ്റ് വിസ തടഞ്ഞത്.
കൊറോണ സ്ഥിരീകരിച്ച ചൈന, ഹോങ്കോങ്, ഇറാന്, ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ 15 ദിവസത്തിനിടയിൽ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശിക്കാനാകില്ല. റീഎന്‍ട്രിയില്‍ സൗദി വിട്ടശേഷം ഈ സ്ഥലങ്ങളില്‍ പോയാലും തിരികെ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. വിസിറ്റ് വിസ, ബിസിനസ് വിസ, വര്‍ക്ക് വിസ എന്നിവകളില്‍ സൗദിയില്‍ പ്രവേശിക്കുന്നതിനും ഈ രാജ്യക്കാര്‍ക്ക് മാത്രമാണ് നിലവില്‍ വിലക്കുള്ളത്. ദേശീയ തിരിച്ചറിയൽ കാർഡുപയോഗിച്ചുള്ള ജി.സി.സി പൗരന്മാരുടെ യാത്രയും തടഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.