അഴിമതി: 112 പേർ കൂടി സൗദിയിൽ അറസ്റ്റിൽ
text_fieldsജിദ്ദ: സൗദിയിൽ അഴിമതിക്കേസുകളിൽപെട്ട 112 പേർ അറസ്റ്റിലായി. ആറ് മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണിവർ. അഴിമതി നിർമാർജനത്തിന്റെ ഭാഗമായി 2024 മേയിൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഇത്രയും പേരെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) പിടികൂടിയത്. ഒരു മാസത്തിനിടെ 3806 നിരീക്ഷണ റൗണ്ടുകൾ നടത്തുകയും ആറ് മന്ത്രാലയങ്ങളിലെ സംശയാസ്പദമായ 446 പേരെ ചോദ്യ ചെയ്തതായും അതോറിറ്റി പറഞ്ഞു.
ആഭ്യന്തരം, പ്രതിരോധം, ദേശീയ ഗാർഡ്, നീതി, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഹൗസിങ്, മാനവ വിഭവശേഷി, സാമൂഹിക വികസനം, സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എന്നീ വകുപ്പുകളിൽ നിന്നുള്ളവരാണിവർ. അന്വേഷണത്തിനിടെ കൈക്കൂലി, ഓഫിസ് അധികാര ദുർവിനിയോഗം, വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 112 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയാറെടുപ്പിന്റെ ഭാഗമായി നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി പറഞ്ഞു.
രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വഴിയിൽ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത വിധത്തിൽ കുറ്റമറ്റ നിലയിൽ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അധികാര ദുർവിനിയോഗങ്ങളെ കുറിച്ചും അഴിമതികളെക്കുറിച്ചും 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന നമ്പറിൽ ഫാക്സ് വഴിയോ ലഭ്യമായ മറ്റു ഔദ്യോഗിക ചാനലുകൾ വഴിയോ സ്വദേശികളും വിദേശികളും അറിയിക്കണമെന്നും കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമീഷൻ (നസഹ) അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.