പിഴ ചുമത്തി തള്ളേണ്ട ഹരജികൾ കോടതികളും മാധ്യമങ്ങളും ആഘോഷിക്കുന്നു -അഡ്വ. ഷിബു മീരാൻ
text_fieldsദമ്മാം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെപോലും കൂട്ടുപിടിക്കുന്ന മണ്ടത്തങ്ങളെ കോടതികളും മാധ്യമങ്ങളും പ്രോത്സാഹിപ്പിക്കുകയും യാഥാർഥ മനുഷ്യാവകാശലംഘനങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്നതാണ് വർത്തമാന ഇന്ത്യയുടെ നിസ്സഹായാവസ്ഥയെന്ന് യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിയമകാര്യങ്ങളിൽ ആക്ടിവിസ്റ്റുമായ അഡ്വ. ഷിബു മീരാൻ പറഞ്ഞു.
ഹ്രസ്വ സന്ദർശനാർഥം ദമ്മാമിലെത്തിയ അദ്ദേഹം വടക്കേ ഇന്ത്യൻ പ്രവർത്തനാനുഭവങ്ങൾ ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെക്കുകയായിരുന്നു. സീത,അക്ബർ എന്നുപേരുള്ള രണ്ട് സിംഹങ്ങളെ ഒന്നിച്ച് ഒരു കൂട്ടിലിട്ടു എന്നതിനെതിരെ വി.എച്ച്.പി കോടതിയെ സമീപിച്ചു എന്നതിലുപരി ഈ ഹരജി ഫയലിൽ സ്വീകരിച്ച കോടതി നടപടി ഞെട്ടിച്ചു. അത് വളരെ വിചിത്ര നടപടിയായി തോന്നി.
സാധാരണഗതിയിൽ പിഴ നൽകി തള്ളേണ്ട ഒരു വിഷയത്തെ അതീവ പ്രാധാന്യത്തോടെ കോടതിയും ഒപ്പം മാധ്യമങ്ങളും ആഘോഷിക്കുകയാണ്.
അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന ബുൾഡോസർ രാജിനെക്കുറിച്ച് മാധ്യമങ്ങൾ മിണ്ടുേന്നയില്ല. നിരപരാധികളുടെ വീടും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്താനെത്തുന്ന ബുൾഡോസറുകളെ പൂമാലയിട്ടും ആരതിയുഴിഞ്ഞും സ്വീകരിക്കുകയാണ് ഒരു വിഭാഗം. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം തകർക്കാനും ഭയപ്പെടുത്തി സമൂഹത്തിെൻറ മുഖ്യധാരകളിൽനിന്ന് മാറ്റി നിർത്താനുമുള്ള ആസൂത്രിത ശ്രമമാണിത്.
ഡൽഹിയിൽ തുടക്കം കുറിച്ച ബുൾഡോസർ രാജ്, മധ്യപ്രദേശിലും യു.പിയിലുമൊക്കെ സകല നീതിന്യായധർമങ്ങളും ലംഘിച്ച് മുന്നോട്ടുരുളുകയാണ്. ശിവരാജ് സിങ് ചൗഹാനെ ബുൾഡോസർ മാമയായും യോഗിയെ ബുൾഡോസർ യോഗിയായും വാഴ്ത്തുന്ന മാധ്യമങ്ങൾ നീതികേടുകളെ കണ്ടില്ലെന്ന് നടിക്കുന്നു. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ എല്ലാവരും മടിക്കുകയാണ്. 2,23,000 പേർ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടും ഗുജറാത്തിൽ കേവലം 32 പേർക്കാണ് കഴിഞ്ഞ വർഷം നിയമനം നൽകിയത്.
ഊതിവീർപ്പിച്ച വികസനത്തെ കുറിച്ച് പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ. വെറുപ്പുൽപാദിപ്പിക്കാൻ പുതുതായി ഉയരുന്ന ഒന്നാണ് ഉത്തരേന്ത്യയിൽ യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന ഹിന്ദത്വ പോപ് ആൽബങ്ങൾ. പരമത വിദ്വേഷങ്ങൾ ചേർത്ത് പോപ്പും റാപ്പും ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ്. അതിവേഗമാണ് ഇത് ഉത്തരേന്ത്യയിൽ യുവാക്കളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിെൻറ ദുരന്തഫലം രാജ്യം കൊയ്യാനിരിക്കുന്നതേയുള്ളൂ.
വിദ്യാഭ്യാസവും തൊഴിലുമില്ലാത്ത ഒരു സമുദായത്തിനും ഇത്തരം ഭീഷണികളെ മറികടക്കുക സാധ്യമല്ലെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളുമായി തങ്ങൾ ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിരന്തരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
വിദ്യനേടി ഇത്തരം വിഭാഗീയതകളെ മറികടക്കാൻ ഞങ്ങൾ അവരെ ഉപദേശിക്കുകയും അവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിെൻറ ഫലങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെടാതെ നീതിക്കായി പൊരുതാൻ ഞങ്ങൾ അവരെ പ്രേരിപ്പിക്കുന്നു. കേരളം അവരുടെ മുന്നിൽ മാതൃകയായി അവതരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.