കോവാക്‌സിൻ കുത്തിവെപ്പെടുത്ത പ്രവാസികൾക്കും സൗദിയിൽ പ്രവേശനം
text_fieldsജിദ്ദ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്‌സിൻ കുത്തിവെപ്പെടുത്ത പ്രവാസികൾക്കും ഇനിമുതൽ സൗദിയിൽ പ്രവേശനം അനുവദിച്ചതായി റിയാദ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. എംബസി ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ താമസ വിസക്കാർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന വെബ്സൈറ്റിൽ കോവാക്സിൻ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന് എംബസി അറിയിച്ചു.
കോവാക്സിൻ കുത്തിവെപ്പെടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശക വിസക്കാർ https://muqeem.sa/#/vaccine-registration/home എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്നും എംബസി അറിയിപ്പിൽ പറയുന്നു. സൗദിയിൽ അംഗീകരിച്ച കോവിഡ് വാക്സിനുകൾക്ക് പുറമെ കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശക വിസയിലും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
കോവാക്‌സിൻ, സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് രാജ്യത്തേക്ക് ഇത്തരത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ രാജ്യത്തെ താമസ വിസക്കാർക്ക് കോവാക്സിൻ എടുത്ത് സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ മറ്റു അംഗീകൃത വാക്സിനുകൾക്ക് ലഭിക്കുന്ന ആനുകൂല്യം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിന്നിരുന്നു. ഇക്കാര്യത്തിലാണിപ്പോൾ ഇന്ത്യൻ എംബസി അനുകൂല തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും കോവാക്സിൻ കുത്തിവെപ്പെടുത്ത് സൗദിയിലേക്ക് എത്തിയവർക്കും ഇനി വരാനിരിക്കുന്നവർക്കും ഈ പ്രഖ്യാപനം ഏറെ ആശ്വാസമായിരിക്കുകയാണ്. എന്നാൽ ഇതുസംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.