കോവിഡിന്റെ പുതിയ വകഭേദം: സൗദിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ അതോറിറ്റി
text_fieldsറിയാദ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ജെ.എൻ1’ സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കവേണ്ടെന്ന് പൊതുജനാരോഗ്യ അതോറിറ്റിയായ ‘വിഖായ’. എക്സിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക പോസ്റ്റിലാണ് വ്യാപനം നിരീക്ഷിക്കുകയാണെന്നും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിലെ 36 ശതമാനവും ഈ പുതിയ വകഭേദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ്-19 വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷി ആളുകളിൽ നിലനിൽക്കുകയാണ്. നിലവിൽ പുതിയ പകർച്ചവ്യാധിയെക്കുറിച്ച് പ്രചരിക്കുന്ന അപകടസാധ്യതകളിലും മുന്നറിയിപ്പുകളിലും സത്യമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാരണം ‘ജെ.എൻ1’ കോവിഡിന്റെ ശാഖാപരമായ നിരവധി വകഭേദങ്ങളിലൊന്ന് മാത്രമാണ്. നിലവിലെ കോവിഡ് വാക്സിന് ഫലപ്രദമായി ഇതിനെ പ്രതിരോധിക്കാനാവും. അതുകൊണ്ട് തന്നെ ആശങ്കക്ക് കാരണമില്ല. കർശനമായ നടപടികൾ പ്രയോഗിക്കേണ്ട ആവശ്യവുമില്ല.
ലോകാരോഗ്യ സംഘടന തന്നെ ഈ വകഭേദം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതല്ലെന്ന് തെളിവുകൾ സഹിതം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ലഭ്യമായ വാക്സിനുകൾക്ക് ജെ.എൻ1 ഉൾപ്പെടെ കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളിൽനിന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽനിന്നും മരണത്തിൽനിന്നും സംരക്ഷിക്കാൻ കഴിയുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.