കോവിഡ് പ്രതിസന്ധി: കഴിഞ്ഞ വർഷം 1,60,000 പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടു
text_fieldsറിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടത് 1,60,000 വിദേശികൾക്ക്. രാജ്യത്തെ ശമ്പളം പറ്റുന്ന മുഴുവൻ ജീവനക്കാരുടെയും രേഖകൾ സൂക്ഷിക്കുന്ന ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസാണ് (ഗോസി) ഇക്കാര്യം പുറത്തുവിട്ടത്. നഷ്ടപ്പെട്ട ജോലികളിൽ പകരമായി 50,000ത്തിലേറെ സൗദി പൗരന്മാരെ നിയമിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020ൽ ലോകത്താകമാനം പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിെൻറ ആേഗാള വ്യാപക പ്രത്യാഘാതം സൗദിയിലും അനുഭവപ്പെട്ടു. പ്രതിഫലനം രാജ്യത്തെ സ്വകാര്യ മേഖലയിലുമുണ്ടായി. വിദേശികളായ 1,60,000 പേർക്ക് ഇങ്ങനെ നേരിട്ട് തൊഴിൽ നഷ്ടമുണ്ടായി.
കോവിഡിനു മുമ്പും മഹാമാരി പൊട്ടിപ്പുറപ്പെട്ട ഉടനെയും അവധി പ്രമാണിച്ച് നാട്ടിൽ പോയി തിരിച്ചുവരാനാവാതെ കുടുങ്ങിയ വിദേശികളിൽ പലർക്കും വിസ കാലാവധി കഴിഞ്ഞും മറ്റും ജോലി നഷ്ടമായി. നാട്ടിൽനിന്ന് തന്നെ ഇഖാമ പുതുക്കാൻ കഴിയുമായിരുന്നെങ്കിലും ലെവി അടക്കം വലിയ തുക വേണ്ടിവരുന്നതിനാലാണ് പലർക്കും അതിന് കഴിയാതെ പോയത്. ഇൗ സാഹചര്യത്തിൽ സൗദിയിലെ സ്ഥാപനങ്ങൾ അടിയന്തരമായി ജീവനക്കാരെ നിയമിക്കേണ്ടിവന്നതോടെ സ്വദേശികളെ പരിഗണിക്കുകയായിരുന്നുവെന്ന് കണക്കുകളിൽനിന്ന് വ്യക്തമാകുന്നു. ഇൗ കണക്ക് പ്രകാരം, പ്രതിസന്ധിക്കിടയിലും സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 2.9 ശതമാനം വർധിച്ചു. ഇതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 17.5 ലക്ഷത്തോളമായി. 2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 17 ലക്ഷത്തോളമായിരുന്നു. ശേഷം ഒരു വര്‍ഷത്തിനിടെ അരലക്ഷം സ്വദേശികൾക്കുകൂടി നിയമനം ലഭിച്ചു.
സ്വദേശി സ്ത്രീജീവനക്കാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വളര്‍ച്ചയുണ്ടായത്. വനിത ജീവനക്കാരുടെ എണ്ണം 7.6 ശതമാനം തോതില്‍ വര്‍ധിച്ചു. ജോലി ലഭിച്ച അരലക്ഷത്തോളം സൗദികളിൽ 90 ശതമാനവും വനിതകളാണ്. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് അയവ് വന്നുതുടങ്ങിയ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവിസ് പഴയ രീതിയിൽ പുനരാരംഭിക്കുന്നതോടെ ആഭ്യന്തര വിപണി പൂർവകാല പ്രതാപത്തിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർച്ച് 31ന് യാത്രവിലക്കുകളെല്ലാം നീക്കാനും അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകാനുമാണ് സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. അതോടെ വിദേശത്ത് കുടുങ്ങിയ പ്രവാസി തൊഴിലാളികളും അവരുടെ ആശ്രിതരും രാജ്യത്ത് തിരിച്ചെത്തും. പുതിയ വിസകളിലും ആളുകളെത്തും. ഉംറ തീർഥാടകരും കൂടുതലായി വരാൻ തുടങ്ങും. ഇതിെൻറ ഗുണഫലം ആഭ്യന്തര വിപണിക്കും സ്വകാര്യ മേഖലക്കുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.