കോവിഡ് പ്രതിസന്ധി: ഈത്തപ്പഴ മേഖലയിലെ പ്രതിവർഷ നഷ്ടം 7,50,000 ടൺ
text_fieldsയാംബു: കോവിഡ് കാലത്തിനുമുമ്പ് സൗദിയിലെ ഈത്തപ്പഴ ഉൽപാദനത്തിലും കയറ്റുമതിയിലും റെക്കോഡ് വർധന രേഖപ്പെടുത്തിയെങ്കിൽ കോവിഡ്കാലത്ത് വൻ പ്രതിസന്ധിയാണ് മേഖല നേരിടുന്നതെന്ന് റിപ്പോർട്ട്. പ്രതിസന്ധികാലത്ത് ഈത്തപ്പഴ ഉൽപാദന വിപണനമേഖല നേരിട്ട നഷ്ടം 7,50,000 ടൺ ആണെന്ന് പരിസ്ഥിതി, ജല, കൃഷിമന്ത്രാലയത്തിലെ മുൻ വിദഗ്ധൻ പറഞ്ഞു. ഇത് മൊത്തം ഉൽപാദന അളവിെൻറ 1.5 ദശലക്ഷം ടൺ വരും.
കോവിഡ് പ്രതിസന്ധി മേഖലയെ വ്യത്യസ്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. വിപണന, കയറ്റുമതി പ്രവർത്തനങ്ങളിലും പ്രാദേശിക, അന്തർദേശീയ വിപണനരംഗത്തും ഉണ്ടായ മൊത്തം നഷ്ടമാണ് ഇതെന്നും മന്ത്രാലയത്തിലെ കാർഷിക വിദഗ്ധനായ അബ്ദുൽ ഹമീദ് അൽ ഹാലിബി അഭിപ്രായപ്പെട്ടു. ഈത്തപ്പഴ വിപണിയെ കരകയറ്റാൻ കർഷകർക്കും ഈത്തപ്പഴ വിപണന കമ്പനികൾക്കും പ്രത്യേകം ഇളവ് നൽകുന്ന പദ്ധതികളും പാക്കേജുകളും നൽകി പ്രോത്സാഹിപ്പിക്കാൻ കോവിഡ് പ്രതിസന്ധികാലത്ത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ സൗദിയിൽ 15 ദശലക്ഷം ടൺ വൈവിധ്യമാർന്ന ഈത്തപ്പഴം ഉൽപാദനം നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2018ൽ 11 ലക്ഷം ടൺ ഉൽപാദനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ലോകത്ത് ഈത്തപ്പഴ ഉൽപാദനത്തിെൻറ 15 ശതമാനവും സൗദിയിലാണ്. നാഷനൽ സെൻറർ ഫോർ പാം ആൻഡ് ഡേറ്റ്സിെൻറ കണക്കുപ്രകാരം രാജ്യത്തിെൻറ 13 പ്രവിശ്യകളിലായി 30 ദശലക്ഷം ഈന്തപ്പനകൾ കൃഷിചെയ്യുന്നുണ്ട്. നാനൂറിലധികം വ്യത്യസ്ഥയിനം ഈത്തപ്പഴമാണ് രാജ്യത്തുനിന്ന് ഉൽപാദിപ്പിക്കുന്നത്. ഈത്തപ്പഴം പാക്ക് ചെയ്യാനും സംസ്കരിക്കാനും മറ്റു വിഭവങ്ങൾ ഉൽപാദിപ്പിക്കാനും ഇരുനൂറോളം ഈത്തപ്പഴ ഫാക്ടറികൾ സൗദിയിൽ ഉണ്ട്.
പതിനായിരത്തിലധികം ജോലിക്കാർ ഈ മേഖലയിൽ മാത്രം ജോലി ചെയ്യുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈത്തപ്പഴത്തിെൻറ കയറ്റുമതിയിൽ 12.5 ശതമാനം വർധന ഉണ്ടായതായും നേരത്തേയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് എല്ലാ മേഖലകളെയും ബാധിച്ചതുപോലെ ഈത്തപ്പഴ മേഖലയെയും ബാധിച്ചത് അതിജയിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഈന്തപ്പന കൃഷിക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും പിന്തുണയും കർഷകർക്ക് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.