കോവിഡ് പ്രതിസന്ധി: സൗദിയിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകളിൽ 66.5 ശതമാനം കുറവ്
text_fieldsജിദ്ദ: സൗദിയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 66.5 ശതമാനം കുറവ്. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷെൻറ (ജി.എ.സി.എ) ഏറ്റവും പുതിയ കണക്കിലാണ് സൗദിയിൽനിന്നും മറ്റുരാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരി ലോകത്താകെ വ്യാപിച്ചതിെൻറ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലേക്ക് യാത്ര നിർത്തലാക്കിയതാണ് ഇതിന് പ്രധാന കാരണം.
2019ലെ അന്താരാഷ്ട്ര വിമാന സർവിസുകളുടെ എണ്ണം 1,59,795 ആയിരുന്നത് 2020ൽ 53,537 സർവിസുകൾ മാത്രമായി കുറഞ്ഞു. ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണത്തിലും 46.6 ശതമാനം കുറവുണ്ട്.
2019ൽ 2,25,721 ആഭ്യന്തര സർവിസുകൾ നടത്തിയ സ്ഥാനത്ത് 2020ൽ 1,20,395 സർവിസുകൾ മാത്രമാണ് നടത്തിയത്. രാജ്യത്തെ ഗതാഗത, ചരക്കുനീക്ക സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് വ്യോമഗതാഗതം. ഗതാഗത, ചരക്ക് നീക്കരംഗത്ത് േവ്യാമയാന മേഖല ഏറെ പുരോഗതി പ്രാപിക്കുകയും നിരവധി ലക്ഷ്യങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ചരക്കുനീക്കശേഷി 45 ലക്ഷം ടണ്ണായി ഉയർത്തി രാജ്യം ആഗോള ലോജിസ്റ്റിക്സ് മേഖലയിൽ ഉന്നത സ്ഥാനത്തെത്തിയിട്ടുണ്ട്.
വർഷംപ്രതി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ശേഷി 330 ദശലക്ഷം യാത്രക്കാരിലേക്ക് ഉയർത്തുകയും 30 ദശലക്ഷം ഹജ്ജ്, ഉംറ തീർഥാടകരെ ലക്ഷ്യമിടുകയും ചെയ്തു. ടൂറിസം മേഖലയിൽ ലോകത്തെ 250 ലക്ഷ്യസ്ഥാനങ്ങളിൽനിന്നായി 10 കോടി വിനോദസഞ്ചാരികളെ രാജ്യത്തെത്തിക്കാനും ലക്ഷ്യമിടുന്നു. ഈ മേഖലയിലെ ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതോടൊപ്പം പൊതു-സ്വകാര്യ മേഖലയിലെ ഓപറേറ്റർമാർ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും രാജ്യം ലക്ഷ്യമിടുന്നു.
ആഗോളതലത്തിൽ എയർലൈൻ കമ്പനികളുടെയും എയർപോർട്ടുകളുടെയും ഗുണനിലവാരം സംബന്ധിച്ച് അവലോകനം നടത്തുന്ന റാങ്കിങ് ഏജൻസിയായ സ്കൈ ട്രാക്സിെൻറ 2020 റിപ്പോർട്ട് അനുസരിച്ച്, സൗദിയിൽ അന്താരാഷ്ട്ര റാങ്കുള്ള മൂന്നെണ്ണം ഉൾപ്പെടെ 29 വിമാനത്താവളങ്ങൾ ഉണ്ട്.
ഇവയിൽ നാലെണ്ണം ലോകത്തിലെ മികച്ച 10 വിമാനത്താവളങ്ങളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്.എയർലൈൻസ് പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ് 2020) റിപ്പോർട്ട് പ്രകാരം സൗദി എയർലൈൻസ് അന്താരാഷ്ട്ര എയർലൈനുകളുടെ തലത്തിൽ പഞ്ചനക്ഷത്ര വിഭാഗത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. ആരോഗ്യ, സുരക്ഷാ റിപ്പോർട്ടിൽ ഡയമണ്ട് വിഭാഗത്തിലും സൗദിയ സ്ഥാനം നേടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.