കോവിഡ് പ്രതിരോധം: മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ പുതുക്കി
text_fieldsദമ്മാം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ പുതുക്കി ആഭ്യന്തര മന്ത്രാലയം. ഓരോ സ്ഥാപനത്തിന്റെയും വലുപ്പമനുസരിച്ചാണ് പിഴസംഖ്യ നിശ്ചയിച്ചിട്ടുള്ളത്. സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിനുമുമ്പ് തവക്കൽനാ ആപ്ലിക്കേഷനിലെ ആരോഗ്യനില പരിശോധിക്കാതിരിക്കുക, വാക്സിനേഷൻ ഇതുവരെ സ്വീകരിക്കാത്ത വ്യക്തികളെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുക, ജീവനക്കാരുടെ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കാതിരിക്കുക, മാസ്ക് ധരിക്കാത്ത ജീവനക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാതിരിക്കുക, കോവിഡ് സ്ഥിരീകരിച്ച വ്യക്തിയെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുക, സൂപ്പർമാർക്കറ്റുകളിൽ ഉപയോഗത്തിന് ശേഷം ബാസ്ക്കറ്റുകളും ട്രോളികളും അണുവിമുക്തമാക്കാതിരിക്കുക, ഇടക്കിടക്ക് പ്രതലങ്ങളിൽ അണുനാശിനി തളിക്കുന്നതിൽ വീഴ്ച വരുത്തുക എന്നിവയാണ് കോവിഡ് മാനദണ്ഡ ലംഘനമായി കണക്കാക്കുന്നത്.
ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വലുപ്പത്തിനും എണ്ണത്തിനും അനുസരിച്ചാണ് പിഴ ചുമത്തുകയെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. ഒന്നുമുതൽ അഞ്ചുവരെ ജീവനക്കാരുള്ള മൈക്രോ സ്ഥാപനങ്ങളിലെ നിയമലംഘനത്തിന് ഉത്തരവാദിയായ വ്യക്തിക്ക് 10,000 റിയാൽ പിഴ ചുമത്തും. ആറുമുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനത്തിലെ നിയമലംഘനത്തിന് 20,000 റിയാലാണ് പിഴ. 50 മുതൽ 249 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങളിൽ ലംഘനത്തിന് ഉത്തരവാദിയായ വ്യക്തിക്ക് 50,000 റിയാൽ പിഴ ചുമത്തും. 250ഉം അതിലധികവും ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങളിൽ ലംഘനത്തിന് ഉത്തരവാദിയായ വ്യക്തിക്ക് ഒരുലക്ഷം റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൂടാതെ അത് രണ്ടുലക്ഷം റിയാൽ വരെ എത്താം.
ഒപ്പം ആറുമാസം വരെ അടച്ചിടൽ നടപടിക്ക് സ്ഥാപനത്തെ വിധേയമാക്കും. ലംഘനം ആവർത്തിച്ചാൽ വ്യക്തിയെ കാത്തിരിക്കുന്നത് ജയിൽശിക്ഷയാണ്. അതിനായി കേസ് പ്രോസിക്യൂഷന് കൈമാറും. റസ്റ്റാറന്റുകളെയും കഫേകളെയും അടച്ചുപൂട്ടൽ ശിക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഈ സ്ഥാപനങ്ങൾക്ക് അടച്ചിടലിന് പകരം മണിക്കൂറുകൾ കണക്കാക്കി സാമ്പത്തിക പിഴ വിധിക്കും. ഇത്തരം സ്ഥാപനങ്ങളിൽ ഒരൊറ്റ ലംഘനമുണ്ടായാൽ, അടച്ചുപൂട്ടൽ കാലയളവ് ഒരുമണിക്കൂർ മാത്രമായിരിക്കും. രണ്ടാം തവണയും ലംഘനം ആവർത്തിച്ചാൽ, അടച്ചുപൂട്ടൽ കാലയളവ് 48 മണിക്കൂറായിരിക്കും. മൂന്നാം തവണത്തെ ലംഘനത്തിൽ അടച്ചിടൽ ഒരാഴ്ചയായി ദീർഘിപ്പിക്കും. നാലാം തവണ ലംഘനമുണ്ടായാൽ രണ്ടാഴ്ചയും അഞ്ചാം തവണയിലെ ലംഘനത്തിന് ഒരുമാസവും അടച്ചിടാൻ പിഴ വിധിക്കും.
കോവിഡിനെക്കുറിച്ചുള്ള ജാഗ്രത അവസാനിപ്പിച്ച് അധികം പേരും സാധാരണ ജീവിതരീതിയിൽ പെരുമാറാൻ തുടങ്ങിയത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടി കർശനമാക്കിയത്. കോവിഡിനെ പൂർണമായും തുരത്തും വരെ പ്രതിരോധനടപടികൾ തുടരുമെന്നും ആവശ്യമായ മുൻകരുതലുകളെടുക്കുന്നതിൽ വീഴ്ചവരുത്തരുതെന്നും സൗദി ആഭ്യന്തര മന്ത്രാലയം രാജ്യവാസികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.