ആരോഗ്യ മുൻകരുതൽ: 24 മണിക്കൂറിൽ കണ്ടെത്തിയത് 4,154 ലംഘനങ്ങൾ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളുൾപ്പെടെ എല്ലായിടത്തും മാസ്ക് ധരിക്കലും സാമൂഹിക അകല പാലനവും വീണ്ടും കർശനമാക്കി. 24 മണിക്കൂറിനുള്ളിൽ 4,154 ലംഘനങ്ങൾ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴു മുതലാണ് ആരോഗ്യ മുൻകരുതൽ നിയമം നടപ്പായത്. എല്ലായിടങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് (1404). മറ്റുമേഖലകളിലെ കണക്ക് ഇങ്ങനെയാണ്: മദീന (530), മക്ക (490), കിഴക്കൻ പ്രവിശ്യ (473), അൽ-ഖസീം (238), വടക്കൻ അതിർത്തി പ്രദേശം (208), അസീർ (194), ഹാഇൽ (165), അൽബാഹ (133), തബൂക്ക് (110), അൽജൗഫ് (82), നജ്റാൻ (77), ജീസാൻ (55). ആരോഗ്യ പ്രതിരോധ നടപടികളും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൗരന്മാരോടും രാജ്യത്തെ വിദേശി താമസക്കാരോടും ആവർത്തിച്ചുവ്യക്തമാക്കി. മൂക്കും വായും മൂടുംവിധം മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാതിരിക്കൽ നിയമലംഘനമാണെന്നും ആയിരം റിയാൽ പിഴയുണ്ടാകുമെന്നും ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.