കോവിഡ് കുത്തിവെപ്പ്: 12നും 18നുമിടയിൽ പ്രായമുള്ളവർക്ക് ആരംഭിച്ചു
text_fieldsജിദ്ദ: കോവിഡ് കുത്തിവെപ്പ് രണ്ടാംഘട്ടത്തിന് തുടക്കം. 12നും 18നുമിടയിൽ പ്രായമുള്ളവർക്കുള്ള കുത്തിവെപ്പാണ് രാജ്യത്തെ ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ആരംഭിച്ചത്. റിയാദ്, ഹഫർ അൽബാത്വിൻ തുടങ്ങി നിരവധി കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് തുടങ്ങിയത്.
ആദ്യ ദിവസം ഈ പ്രായഗണത്തിലുള്ള നിരവധി പേർ കുത്തിവെപ്പ് എടുത്തു. വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കും വിധം പ്രവർത്തനം വിപുലീകരിക്കുന്നതിനാണ് ഇൗ നടപടിയെന്ന് റിയാദ് മേഖല ഹെൽത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിെൻറ ആപ്ലിക്കേഷനായ 'സിഹത്തി'യിലൂടെയും 'തവക്കൽനാ'ആപ്ലിക്കേഷനിലൂടെയും കുത്തിവെപ്പിന് ബുക്ക് ചെയ്യാം. കുത്തിവെപ്പിനുള്ള ദേശീയ കാമ്പയിന് അനുസൃതമായാണ് നടപടിയെന്നും ആരോഗ്യ ഡയറക്ടറേറ്റ് അറിയിച്ചു. സൗദിയിൽ 12നും 18നുമിടയിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് ഉടനെ ആരംഭിക്കുമെന്നും ഫൈസർ വാക്സിനായിരിക്കും നൽകുകയെന്നും ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഫലപ്രാപ്തിയും സുരക്ഷിതത്വവും പരിശോധിച്ചും എല്ലാ ശാസ്ത്രീയ പഠനങ്ങളും പൂർത്തിയാക്കിയും അംഗീകാരം നൽകിയ വാക്സിനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മുതിർന്ന പൗരന്മാരിൽ 70 ശതമാനം പേർക്ക് കുത്തിവെപ്പ് നടത്തി.
50 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് നൽകുന്നത് കഴിഞ്ഞ ദിവസം ആരംഭിച്ചു. വാക്സിെൻറ ലഭ്യതയും മുൻഗണനാക്രമവും അനുസരിച്ച് 50 വയസ്സിന് താഴെയുള്ളവർക്ക് രണ്ടാംഡോസ് വാക്സിൻ നൽകുന്നത് ക്രമേണ ആരംഭിക്കും. നിശ്ചിത പദ്ധതി അനുസരിച്ച് കോവിഡ് കുത്തിവെപ്പ് ദേശീയ കാമ്പയിൻ തുടരുകയാണ്.
ഇതുവരെ രാജ്യത്തെ വിവിധ മേഖലകളിലെ 587ലധികം വരുന്ന കേന്ദ്രങ്ങളിലൂടെ വിദേശികൾക്കുൾെപ്പടെ 1,73,51,007 ഡോസ് കുത്തിവെപ്പ് നടത്തിയതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.