കോവിഡ്-ലോക്ഡൗൺ ചലച്ചിത്രമേള: പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsറിയാദ്: സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന അറേബ്യൻ അരീന സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച കോവിഡ്-ലോക്ഡൗൺ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. സംവിധായകനും ജൂറി ചെയർമാനുമായ എം.എ. നിഷാദാണ് പ്രഖ്യാപിച്ചത്. സംവിധായകൻ സലാം ബാപ്പു, നടൻ അനിൽ നെടുമങ്ങാട്, കാമറാമാൻ അൻസർഷാ എന്നിവരടങ്ങിയ ജൂറിയാണ് വിലയിരുത്തിയത്. മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദ് നേതൃത്വം നൽകിയ ചലച്ചിത്രമേളയിൽ ലോകത്തിെൻറ വിവിധയിടങ്ങളിൽ നിന്നുള്ള ലോക്ഡൗൺകാല ചിത്രങ്ങളാണ് മത്സരിച്ചത്. മികച്ച ചിത്രം കുവൈത്തിൽനിന്ന് മുഹമ്മദ് സാലി സംവിധാനം ചെയ്ത 'മറുപടി'. 'ഫോർവേഡ്'എന്ന ചിത്രം സംവിധാനം ചെയ്ത ദുബൈയിൽനിന്നുള്ള സാജിർ വലിയേടത്താണ് മികച്ച സംവിധായകൻ. ദുബൈയിൽനിന്നുള്ള 'ഐെസാലേഷൻ'എന്ന ചിത്രത്തിലെ അഭിനയത്തിന് നൗഷാദ് കാബു മികച്ച നടനായി.
കേരളത്തിൽനിന്ന് സീതാമണിയും ദുബൈയിൽനിന്ന് ധന്യ ഞാട്യാലയുമാണ് മികച്ച നടിമാർ. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി കേരളത്തിൽനിന്ന് പ്രേമൻ മുചുകുന്ന് സംവിധാനം ചെയ്ത 'ദി വീൽ', മികച്ച പരീക്ഷണാത്മക ചിത്രമായി സൗദിയിൽനിന്ന് സാഹിദ ഷാർജിമോൻ സംവിധാനം ചെയ്ത 'ശവങ്ങൾ'എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കാമറാമാൻ കേരളത്തിൽനിന്ന് നിതീഷ് സാരംഗിയും മികച്ച എഡിറ്റർ ഒമാനിൽനിന്ന് എം.വി. നിഷാദുമാണ്.
വ്യക്തിഗത പ്രകടനത്തിനുള്ള പുരസ്‌കാരമായ അറേബ്യൻ അരീന ആർട്ടിസ്റ്റിക് അച്ചീവ്‌മെൻറ് അവാർഡ് കുവൈത്തിൽ നിന്നുള്ള മുഹമ്മദ് സാലി കരസ്ഥമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും മുഹമ്മദ് സാലിക്കാണ്. പ്രത്യേക ജൂറി അവാർഡ്: ശരത് ചന്ദ്രൻ (സ്റ്റേ സെയിൻ, ദുബൈ), മികച്ച ബാലതാരം: അഭിരാം പ്രേം കൃഷ്ണ (ദി വീൽ), പശ്ചാത്തലസംഗീതം: സലാം വീരോളി (ദി വീൽ), പ്രത്യേക പരാമർശങ്ങൾ: പ്രേമൻ മുചുകുന്ന്് (സംവിധാനം), ജിനു വൈക്കത്ത്, രാഘവൻ മുചുകുന്ന് (നടൻ), ഗീതിക സുരേഷ്, ദീപ്തി ഹരീന്ദ്രൻ, ഷീന ഹിരൺ (നടി). മികച്ച ജനപ്രിയ ചിത്രമായി ഒമാനിൽനിന്ന് റോബിൻ മേട്ടയിൽ സംവിധാനം ചെയ്ത 'അലേ'തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സംവിധായകനായി ഒമാനിൽനിന്ന് പ്രകാശ് നായർ (കൊറോണയും നാലു പെണ്ണുങ്ങളും), മികച്ച ജനപ്രിയ നടനായി രഞ്ജിത്ത് എളയത് (ദുബൈ), ജനപ്രിയനടിയായി ഷീന ഹിരൺ (ഒമാൻ) എന്നിവരെയും തെരഞ്ഞെടുത്തു. അറേബ്യൻ അരീന ഫേസ്ബുക്ക് ഗ്രൂപ്പിൽ നടത്തിയ പോളിങ്ങിലൂടെയാണ് ജനപ്രിയ പുരസ്‌കാരങ്ങൾ നിർണയിച്ചത്. അറേബ്യൻ അരീനയും പ്രവാസി മലയാളി ഫെഡറേഷനും കേരളത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി കൺവീനർ റാഫി പാങ്ങോട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.