കോവിഡ് പ്രതിരോധം: ആരോഗ്യ ജീവനക്കാരുടെ അധികജോലി അവസാനിപ്പിക്കുന്നു
text_fieldsജിദ്ദ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ പുതിയ കേസുകളിലും വ്യാപനതോതിലുമുള്ള കുറവ് പരിഗണിച്ച് നിലവിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയ അധികജോലി അവസാനിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽ ഐബാൻ ആരോഗ്യകാര്യ ഡയറക്ടർ ജനറലിനും ഗവർണറേറ്റുകൾക്കും അയച്ച സർക്കുലറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സെപ്റ്റംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാവും. ജോലിസമയത്ത് ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ചുമതലകൾ നിർവഹിക്കേണ്ടതിെൻറ പ്രാധാന്യം സർക്കുലറിൽ ഒാർമിപ്പിച്ചിട്ടുണ്ട്. ഇൗ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്ന രീതിയിൽ ഷെഡ്യൂൾ തയാറാക്കണമെന്ന നിർദേശവും സർക്കുലറിലുണ്ട്. പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും ജീവനക്കാരെ അടിയന്തരമായി അധികസമയ ജോലിക്ക് നിയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിനെ സംബന്ധിച്ച് ഓവർടൈം അലവൻസ് കമ്മിറ്റിക്ക് പ്രത്യേക അപേക്ഷ അയക്കണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സംവിധാനത്തിെൻറ ഭാഗമായി ആരോഗ്യമന്ത്രിയുടെ തീരുമാനപ്രകാരം ജൂൺ ഒന്നിന് രൂപവത്കരിച്ചതാണ് ഈ കമ്മിറ്റി.
കോവിഡ് ബാധിച്ചവരെ പരിചരിക്കുന്നതിനായി മാത്രം ആരംഭിച്ച ചില വകുപ്പുകൾ രോഗവ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് നിർത്തലാക്കുന്നതായി ആരോഗ്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായി റിയാദ് കിങ് ഖാലിദ് ആശുപത്രിയിലെ മൂന്നു വകുപ്പുകളും അൽഖർജിലെ അമീർ സുൽത്താൻ സെൻറർ ഫോർ ഹെൽത്ത് സർവിസസും അടച്ചുപൂട്ടിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ, റിയാദ് കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അവസാന കോവിഡ് രോഗിയും സുഖംപ്രാപിച്ച് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.