മദീന പ്രവിശ്യയിൽ കോവിഡ് പ്രതിരോധം: പ്രധാന ഓഫിസുകളിൽ പ്രവേശിക്കാൻ 'തവക്കൽനാ' അനുമതി നിർബന്ധം
text_fieldsയാംബു: മദീന പ്രവിശ്യയിൽ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ. സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളുടെ പ്രധാന ഒാഫിസുകളിൽ പ്രവേശിക്കാൻ 'തവക്കൽനാ' ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കണം. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിലായെന്ന് പ്രവിശ്യ അധികൃതർ ട്വീറ്റ് ചെയ്തു. ഉപഭോക്താവിെൻറ ആരോഗ്യനില അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. മറ്റു വ്യക്തിവിവരങ്ങളും രേഖപ്പെടുത്താനുള്ള കോളങ്ങളും പൂരിപ്പിച്ച് അംഗീകാരം ലഭിച്ച ശേഷം വേണം ഹെഡ് ഓഫിസുകളിൽ പ്രവേശിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം നേരിയ തോതിലെങ്കിലും വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ യാംബു മേഖലയിലും ഇൗ നിയന്ത്രണം ബാധകമാക്കിയതായി യാംബു ഗവർണർ സഹ്ദ് ബിൻ മർസൂഖ് അൽസുഹൈമിയും ട്വീറ്റ് ചെയ്തു. കർഫ്യൂ സമയത്ത് അടിയന്തര ആവശ്യങ്ങൾക്ക് യാത്രാനുമതി നൽകുന്നതിനും മറ്റുമുള്ള ആപ്ലിക്കേഷൻ രാജ്യത്തെ ധാരാളം ഗുണഭോക്താക്കൾ ഇതിനകം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. വിവിധ വകുപ്പുകളുടെ അനുമതിയോടെ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയാണ് തവക്കൽനാ ആപ് പുറത്തിറക്കിയത്. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ആപ്പിലെ പുതിയ സവിശേഷതകൾ ഉപയോക്താക്കളെ സഹായിക്കും. രാജ്യത്തെ വിദേശികളുൾപ്പെടെ എല്ലാവർക്കും ഉപയോഗപ്പെടുത്താനാവും. ആപ് സ്റ്റോർ, ആപ് ഗാലറി, ഗൂഗ്ൾ പ്ലേ എന്നിവ വഴി ഡൗൺലോഡ് ചെയ്യാൻ കഴിയും. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പീൻസ്, ഉർദു, ബംഗാളി, ഇന്തോനേഷ്യ തുടങ്ങിയ ഭാഷകളിൽ ഇത് ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.