വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ഫീ; ദുബായ് വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് അധികഭാരം
text_fieldsറിയാദ്: സൗദിയിൽ നിന്നും കോവിഡ് വാക്സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കാത്തതിനാൽ നാട്ടിൽ നിന്ന് ദുബായിൽ ക്വാറന്റീൻ പൂർത്തിയാക്കി സൗദി അറേബ്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുന്ന സൗദി പ്രവാസികൾക്ക് റാപ്പിഡ് ടെസ്റ്റിന്റെ തുക താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
യാത്രക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ദുബായിൽ പ്രവേശിക്കുന്നതിന് വീണ്ടും വിമാനത്താവളത്തിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തൽ നിര്ബന്ധമാണ്. എന്നാൽ ഈ പരിശോധനക്ക് ഈടാക്കുന്നതാകട്ടെ 2490 രൂപയും.
ഇത് മാസങ്ങളോളം നാട്ടിൽ കുടുങ്ങി പ്രയാസത്തിലായി ദുബായ് വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാർക്കിടയിൽ വ്യാപക പരാതിയുണ്ട്. സൗദി ഭരണാധികാരികളുടെ കാരുണ്യം കൊണ്ട് നാട്ടിലുള്ളവരുടെ ഇഖാമ, എക്സിറ്റ് റീ-എൻട്രി എന്നിവ സൗജന്യമായി പുതുക്കി നൽകിയത് ഈ മാസം 30 ഓടെ അവസാനിക്കുന്നതിനാൽ ഇപ്പോൾ നിരവധി പ്രവാസികളാണ് ദുബായ് വഴി സൗദിയിലേക്ക് മടങ്ങുന്നത്.
ഇത്തരക്കാരുടെ കീശയിൽ വീണ്ടും കയ്യിട്ടു വാരുന്ന അധികൃതരുടെ നടപടി തീർത്തും അപലനീയമാണ്. ഓരോ വിമാനത്താവളങ്ങളിലും ഇത്തരത്തിൽ ടെസ്റ്റിന്റെ പേരിൽ ദിനംപ്രതി ലക്ഷങ്ങളാണ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നത്. വിമാനത്താവളങ്ങളിലെ ടെസ്റ്റ് ഫീ സൗജന്യമാക്കുകയോ ഇളവ് വരുത്തുകയോ ചെയ്യുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റിന്റെ തുകയിൽ ഇളവ് നൽകിയാൽ ഏറെ ആശ്വാസമാകുമെന്നു റിയാദിലേക്ക് യാത്ര ചെയ്യുന്ന മുഹമ്മദ് ദിൽഷാദും ദമ്മാം യാത്രക്കാരൻ സജീവും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.