മാലദ്വീപിലെ കാഴ്ച വസന്തമാക്കി മലയാളി എൻജിനീയർ
text_fieldsയാംബു: കോവിഡ്കാലത്തെ യാത്രാപ്രതിസന്ധിയെ കാഴ്ചകൾ കാണാനും കടലനുഭവങ്ങൾക്കുമുള്ള അവസരമാക്കിയിരിക്കുകയാണ് യാംബുവിൽനിന്നുള്ള പ്രവാസി എൻജിനീയർ. ആലുവ വെള്ളാരപ്പിള്ളി സ്വദേശിയും യാംബുവിലെ പ്രമുഖ കമ്പനിയായ ട്രോണോക്സിൽ രണ്ടു പതിറ്റാണ്ടായി കെമിക്കൽ എൻജിനീയറുമായ പി.എം. സാബുവാണ് കോവിഡ് യാത്രാനിയന്ത്രണങ്ങളെ മാലദ്വീപിലെ കാഴ്ചകൾക്കുള്ള അവസരമാക്കിയത്. അവധി കഴിഞ്ഞ് മടങ്ങുന്നവർ സൗദിയിൽ പ്രവേശിക്കുംമുമ്പ് മറ്റൊരു രാജ്യത്ത് ക്വാറൻറീൻ പൂർത്തിയാക്കണമെന്ന നിബന്ധന വന്ന ഘട്ടത്തിൽ അതൊരു അവസരമാക്കാൻ പറ്റുമെന്ന ചിന്തയിലാണ് സാബു മാലദ്വീപ് സന്ദർശനം പ്ലാൻ ചെയ്യുന്നത്. തെൻറ ആഗ്രഹം ഗ്രീൻ ഒയാസിസ് ട്രാവൽസിലെ ഉദ്യോഗസ്ഥനായ സുഹൃത്ത് ഇർഫാൻ നൗഫലുമായി ചർച്ചചെയ്തപ്പോൾ അദ്ദേഹം അതിനുള്ള വഴിയൊരുക്കി.
മഹാമാരിക്കാലത്തെ യാത്ര അൽപം അപകടം പിടിച്ചതാണെന്ന് മനസ്സിലാക്കിത്തന്നെയാണ് മാലദ്വീപിെൻറ സൗന്ദര്യം തൊട്ടറിയാനുള്ള ആകാംക്ഷയോടെ സൗദിയിലേക്കുള്ള മടക്കയാത്ര സാബു ഉപയോഗിച്ചത്. കോവിഡ് വൈറസിനെ പേടിയില്ലാതെ പോയി വരാം എന്നതാണ് മാലദ്വീപിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇവിടേക്കുള്ള യാത്ര സാധ്യമാകൂ. യാത്രക്ക് 96 മണിക്കൂര്‍ മുമ്പെയുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഇവിടെനിന്നു തിരികെ വരുന്നതിനു മുമ്പും ടെസ്റ്റ് നടത്തി നെഗറ്റിവ് റിസൽട്ട് വേണം. മറ്റുള്ള ജി.സി.സി രാജ്യങ്ങളിലെത്തുമ്പോൾ വേണ്ടുന്ന ഒരാഴ്ചത്തെ ക്വാറൻറീൻ മാലദ്വീപിൽ ആവശ്യമില്ല. എത്തിയ അന്നുതന്നെ പുറത്ത് സന്ദർശനം നടത്താം. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മാലദ്വീപിലെ ഏറ്റവും മികച്ച സന്ദർശന സമയം.
സ്വകാര്യ മേഖലയിലുള്ള റിസോർട്ടുകൾ പൊതുവെ ചെലവേറിയ ഇവിടെ ബജറ്റ് റേറ്റിൽ റൂമുകൾ കിട്ടുന്ന മാഫുഷി ദ്വീപിലാണ് സാബു തങ്ങിയത്. മാലദ്വീപിലെ ഏറ്റവും വലിയ ദ്വീപുകളിൽ ഒന്നാണിത്. ഏറ്റവും ജനപ്രിയമായ ഈ പ്രാദേശിക ദ്വീപിെൻറ വടക്കു ഭാഗത്താണ് മാലദ്വീപിലെ ഏക ജയിലുള്ളത്. റസ്റ്റാറൻറുകളിലും മറ്റും മത്സ്യംകൊണ്ടുള്ള വിഭവങ്ങളാണ് കൂടുതലും. പ്രാദേശിക ഡൈവിങ് സെൻററുകളും ഇവിടെയുണ്ട്. മാലദ്വീപ് സന്ദർശിക്കുന്നവർ ഒരു തവണയെങ്കിലും സ്കൂബ ഡൈവിങ് പരീക്ഷിക്കണമെന്ന് സാബു പറയുന്നു. നീലക്കടലിലെ പവിഴപ്പുറ്റുകൾ നേരിൽ കാണാനായത് അവിസ്മരണീയമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പകൽസമയത്ത് മാത്രമല്ല, രാത്രിയിലും സഞ്ചാരികൾക്കായി മത്സ്യബന്ധനമുണ്ട്. വലിയ 'ഫെറി'യിൽ നടുക്കടലിൽ ചെന്നു ചൂണ്ടയിട്ട് മീൻപിടിക്കാനും ഉപദ്രവകാരികളല്ലാത്ത സ്രാവുകളോടും ഡോൾഫിനോടുമൊത്ത് നീന്താനും സഞ്ചാരികൾക്ക് അവസരമുണ്ട്.
മാലദ്വീപിലെ ചെലവേറിയ വിനോദസഞ്ചാരമേഖല കോവിഡിെൻറ വരവോടെ കുറഞ്ഞ നിരക്കുകളിലേക്ക് മാറിയിട്ടുണ്ട്. പരമാവധി സഞ്ചാരികളെ സ്വീകരിക്കുക എന്ന ലക്ഷ്യത്തില്‍ മികച്ച ഓഫറുകളും സൗജന്യങ്ങളുമാണിപ്പോൾ നൽകുന്നത്. എല്ലാ രാജ്യക്കാര്‍ക്കും ഇവിടേക്ക് ഓൺ അറൈവൽ വിസ ലഭ്യമാണ്. പ്രകൃതി മനോഹാരിതയെ ടൂറിസത്തിലൂടെ മുഖ്യ വരുമാനമാർഗമാക്കി മാറ്റി മുന്നേറുന്ന ഈ കൊച്ചുരാജ്യത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തി മാതൃകയാണെന്നും സാബു പറഞ്ഞു. പ്രവാസി സാംസ്കാരികവേദിയുടെ യാംബു-മദീന മേഖലയുടെ വൈസ് പ്രസിഡൻറും 'യാത്രാപ്രാന്തനു'മായ സാബു, എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ് പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.