കോവിഡ് വാക്സിൻ: രക്തം കട്ടപിടിച്ച കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല –സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
text_fieldsജിദ്ദ: സൗദിയിൽ വിതരണംചെയ്യുന്ന കോവിഡ് വാക്സിനുകൾ ഉപയോഗിച്ചതിനാൽ ഗുണഭോക്താക്കൾക്കിടയിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) വ്യക്തമാക്കി. വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം ഇതുവരെ 23 ലക്ഷത്തിലധികമായതായും അതോറിറ്റി പറഞ്ഞു.
വാക്സിനുകളുടെ സുരക്ഷ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രാദേശികമായും അന്തർദേശീയമായും ആരോഗ്യ അധികൃതരുമായി ഏകോപിച്ച് പാർശ്വഫലങ്ങൾ, ശാസ്ത്രീയ തെളിവുകൾ, ലഭ്യമായ വിവരങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലുൾപ്പെടും. കൂടാതെ വാക്സിൻ നിർമാണ കമ്പനികൾ, ആരോഗ്യ മന്ത്രാലയം, അന്താരാഷ്ട്ര നിരീക്ഷണ വിഭാഗങ്ങൾ എന്നിവയുമായി ഇൻറർനാഷനൽ ക്വാളിഷൻ ഓഫ് മെഡിസിൻസ് റെഗുലേറ്ററി അതോറിറ്റികളിലെ (ഐ.സി.എം.ആർ.എ) അംഗത്വത്തിലൂടെയും വാക്സിൻ സുരക്ഷ പിന്തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നതാണ് അതോറിറ്റി. വാക്സിനുകളെക്കുറിച്ചും അവയുടെ പാർശ്വഫലങ്ങളെക്കുറിച്ചും ലഭ്യമായ വിവരങ്ങൾ കൈമാറുന്നതിന് ഇടക്കിടെ യോഗം ചേരുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.വാക്സിനുകളെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും പുതിയ വിവരങ്ങൾ ലഭ്യമാണെങ്കിൽ ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കും.
അംഗീകൃത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രമേ സ്വീകരിക്കാവൂയെന്ന് അതോറിറ്റി വ്യക്തമാക്കി. കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ദേശീയ വിജിലൻസ് സെൻറിനെ അറിയിക്കണമെന്ന് അതോറിറ്റിയുടെ എല്ലാ കമ്യൂണിറ്റി അംഗങ്ങളോടും ആരോഗ്യ പ്രാക്ടിഷണർമാരോടും അഭ്യർഥിച്ചിട്ടുണ്ടെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.