കോവിഡ് വാക്‌സിൻ: നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് മുൻഗണന നൽകണം –പ്രവാസി
text_fieldsദമ്മാം: നാട്ടിൽ അവധിക്കു പോയി തിരിച്ചു വരാനിരിക്കുന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിനുകൾ വേഗത്തിൽ ലഭ്യമാക്കാൻ സംസ്ഥാന അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി ആവശ്യപ്പെട്ടു. പാസ്‌പോർട്ട് നമ്പർ കൂടി ചേർത്ത വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭ്യമായാൽ സൗദി അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവുണ്ട്. വർധിച്ച ചിലവ് കാരണം തിരിച്ചു വരവിനു കടുത്ത പ്രയാസമാണ് സൗദി പ്രവാസികൾ നേരിടുന്നത്. സൗദി പ്രഖ്യാപിച്ച യാത്ര നിരോധപ്പട്ടികയിൽ പെടുന്ന രാജ്യമായതിനാൽ നിലവിൽ ഇന്ത്യയിൽ നിന്നുള്ള അത്യാവശ്യ യാത്രക്കാർ മറ്റു പല രാജ്യങ്ങളിലും രണ്ടാഴ്ച തങ്ങിയാണ് സൗദിയിലേക്ക് വരുന്നത്. രണ്ട് വാക്‌സിൻ സ്വീകരിച്ച് മുഖീം സൈറ്റിൽ വിവരങ്ങൾ നൽകുന്നവർക്ക് ശേഷം സൗദിയിൽ നിശ്ചയിച്ച ഒരാഴ്ച ദൈർഘ്യമുള്ള ഹോട്ടൽ ക്വാറൻറീൻ ഇളവ് ലഭിക്കും.
നാട്ടിൽനിന്ന് വാക്‌സിൻ എടുക്കുന്ന പ്രവാസികൾ അവരുടെ പാസ്പോർട്ട് നമ്പർ നൽകി രജിസ്റ്റർ ചെയ്യുകയും സർട്ടിഫിക്കറ്റിൽ അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പ് വരുത്തുകയും വേണം. നേരത്തേ മറ്റു രേഖകൾ നൽകി വാക്‌സിൻ എടുത്തവർക്ക് പാസ്പോർട്ട് നമ്പർ ചേർക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും റീജനൽ കമ്മിറ്റി അഭ്യർഥിച്ചു. നിലവിൽ ഇന്ത്യയിലെ കോവാക്സിൻ ഇവിടെ അംഗീകരിച്ചിട്ടില്ല. അത് എടുത്തവർക്കു കൂടി ഗൾഫ് രാജ്യങ്ങളിൽ അംഗീകാരം ലഭിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും പ്രവാസി സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് വാക്‌സിൻ മുൻഗണന നൽകണം –ഖസീം പ്രവാസി സംഘം
ബുറൈദ: വാർഷിക അവധിയിലും ചികിത്സാർഥവുമായി നാട്ടിലുള്ള പ്രവാസികൾക്ക് വാക്‌സിൻ കുത്തിവെപ്പിന് മുൻഗണന നൽകണമെന്ന് അൽഖസീം പ്രവാസി സംഘം കേന്ദ്രകമ്മിറ്റി കേരള സർക്കാറിനോട് അഭ്യർഥിച്ചു. വാക്‌സിൻ ലഭിക്കാത്തതുമൂലം പ്രവാസികളുടെ മടക്കയാത്ര ബുദ്ധിമുട്ടിലായിരിക്കുകയാണ്. വാക്സിനെടുത്ത് മടങ്ങിവരുന്ന പ്രവാസികൾക്ക്, വിവിധ രാജ്യങ്ങൾ ക്വാറൻറീൻ നിയമങ്ങളിലും മറ്റും ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻഗണന ക്രമത്തിൽ വാക്‌സിൻ നൽകാനുള്ള ശ്രമം സർക്കാറിൻെറ ഭാഗത്തുനിന്ന് ഉണ്ടാകണം. കൂടാതെ, വർധിച്ചുവരുന്ന വിമാന യാത്രാ നിരക്ക് നിയന്ത്രിക്കുന്നതിലും കേരള സർക്കാർ ഇടപെടണം. എന്നും പ്രവാസികളോട് അനുഭാവപൂർവമായ നിലപാടെടുത്ത സർക്കാർ, ഈ വിഷയങ്ങളിലും ഇടപെടുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.