കോവിഡ് വാക്സിൻ: സൗദി ക്ലിനിക്കൽ പരീക്ഷണത്തിന്
text_fieldsജിദ്ദ: കോവിഡിനെതിരെ വാക്സിൻ കണ്ടുപിടിക്കാൻ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ചൈനയുമായി സഹകരിച്ചാണ് നീക്കമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് വാക്സിൻ പരീക്ഷണത്തിെൻറ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ നടപ്പാക്കുന്നതിന് വേണ്ട കർമപദ്ധതി ആവിഷ്കരിക്കുകയാണ്. ചൈനീസ് കമ്പനി കാൻസിനോവയുമായി സഹകരിച്ച് വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങൾ നടത്തിയത് ചൈനയിലാണ്.
മാർച്ച് 16 മുതൽ 27 വരെയുള്ള ആദ്യഘട്ട പഠന പരീക്ഷണത്തിനിടയിൽ ചൈനയിലെ 108 സന്നദ്ധ പ്രവർത്തകർക്ക് ലോ, മീഡിയം, ഹൈ ഡോസുകൾ നൽകി. രണ്ടാംഘട്ടം ഏപ്രിൽ 11 മുതൽ 16 വരെയുള്ള കാലയളവിലായിരുന്നു. ഇൗ ഘട്ടത്തിൽ 603 പേർക്ക് ലോ, മീഡിയം ഡോസുകൾ നൽകി. ഇൗ രണ്ട് ഘട്ടങ്ങളിലും സന്നദ്ധ പ്രവർത്തകരുടെ പ്ലാസ്മയിൽ വാക്സിനിലെ ഉയർന്ന ഫലപ്രാപ്തിയും നല്ല രോഗ പ്രതിരോധവും കാണിച്ചു. പാർശ്വഫലങ്ങൾ കുറവായിരുന്നു. രണ്ട് പരീക്ഷണ ഫലങ്ങളും ലാൻസറ്റ് സയൻറിഫിക് ജോണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലെ വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സ്ഥിരീകരിച്ചതുകൊണ്ടാണ് മൂന്നാംഘട്ടം ഉടനെ ആരംഭിക്കുന്നത്. മൂന്നാംഘട്ടം വിവിധ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന ക്ലിനിക്കൽ പഠനങ്ങളാണ്. ഇതിനായി ധാരാളം ആളുകളിൽ പരീക്ഷണം നടത്തും. സൗദിയിൽ 5000 പേരെയാണ് ലക്ഷ്യമിടുന്നത്. അവർ 18 വയസ്സിന് മുകളിലുള്ളവരായിരിക്കും. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വാക്സിൻ നൽകുക. പാർശ്വഫലങ്ങളൊന്നും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഗവേഷണ സംഘങ്ങൾ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും.
ഇലക്ട്രോണിക് ഫോളോഅപ് രീതികൾക്ക് പുറമെ ഡോക്ടർമാരുമായി നേരിട്ട് സന്ദർശിച്ചും ആവശ്യമായ രോഗപ്രതിരോധ വിശകലനങ്ങൾ നടത്തിയും ഫോളോഅപ് ഉണ്ടാകും. റിയാദ്, ദമ്മാം, മക്ക എന്നീ പ്രധാന നഗരങ്ങളിലാണ് ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതെന്നും എപ്പോൾ ആരംഭിക്കുമെന്നത് ഉടനെ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് രംഗത്ത് നടത്തുന്ന പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും തുടർച്ചയായാണ് ഇൗ ഘട്ടം. അടുത്തിടെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് രാജ്യത്തെ ഏഴ് ആശുപത്രികളിലാണ് ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നത്. കോവിഡ് റിപ്പോർട്ട് ചെയ്ത അന്നു മുതൽ അതിനെ നേരിടാനും വാക്സിൻ കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം തുടങ്ങിയിരുന്നു. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിലുള്ള ഭരണകൂടത്തിെൻറ നിർലോഭ സഹായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.