തൃക്കാക്കരയിൽ ജനപിന്തുണയില്ലാത്തതിനാൽ പാർട്ടിക്കാരല്ലാത്തവരെ സി.പി.എം സ്ഥാനാർഥികളാക്കുന്നു- പി.എം.എ സലാം
text_fieldsജിദ്ദ: തൃക്കാക്കരയിൽ ജനപിന്തുണ കിട്ടാത്തതിനാലാണ് പാർട്ടിയുമായി ബന്ധമില്ലാത്തവരെ സി.പി.എം സ്ഥാനാർഥികളാക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ജിദ്ദ സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൃക്കാക്കരയിൽ ഒന്നാം ഘട്ടം യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്വന്തം പ്രതിനിധിയെ സ്ഥാനാർഥിയാക്കിയപ്പോൾ സി.പി.എമ്മിന് സ്വന്തം പ്രതിനിധിയെ പിൻവലിച്ച് പാർട്ടിയുമായി ബന്ധമില്ലാത്ത ഒരാളെ സ്ഥാനാർഥിയക്കേണ്ട ഗതികേടാണുണ്ടായത്. ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് അവകാശപ്പെടുന്നവർക്ക് വോട്ട് ചോദിക്കാൻ ധൈര്യമില്ലാത്ത അവസ്ഥയാണിപ്പോൾ.
സി.പി.എം ജാതി-മത ചിന്ത പരീക്ഷിക്കുകയാണ്. വോട്ട് മാത്രമാണ് ലക്ഷ്യം. മതവൈരാഗ്യം പ്രശ്നമല്ല. യു.ഡി.എഫിനെ പരാജയപ്പെടുത്താൻ നടത്തുന്ന ഇത്തരം വേലകൾ വിഷലിപ്തമാണ്. അത് സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു.
കേരളത്തിൽ മതവർഗീയത ഇളക്കിവിടാൻ ബി.ജെ.പി പല പ്രാവശ്യം ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. നടക്കാത്ത കാര്യം സാധ്യമാക്കാൻ മാർക്സിസ്റ്റ് പാർട്ടി ബി.ജെ.പിക്ക് പിന്തുണക്കുകയാണെന്ന് ലീഗ് ജനറൽ സെക്രട്ടറി ആരോപിച്ചു.
മുസ്ലിംലീഗ് ഒരിക്കലും മറ്റ് മതസ്ഥരെ എതിർത്തിട്ടില്ല. ആരുടെയും അവകാശം കവർന്നിട്ടില്ല. എല്ലാവർക്കും ഭരണഘടന അനുശാസിക്കുന്ന ന്യായമായ അവകാശങ്ങൾ ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. അത് കവർന്നെടുക്കുമ്പോൾ ലീഗ് ഇടപ്പെടും. വഖഫ് വിഷയത്തിൽ വാഗ്ദാന ലംഘനങ്ങളുണ്ടാകുന്നത് ധിക്കാരമാണ്. ഈ വിഷയത്തിലുള്ള പ്രതിഷേധ പരിപാടികൾ തുടരും. സമസ്ത സ്വതന്ത്ര സംഘടനയാണ്. അവർക്ക് അവരുടെതായ നിലപാടുണ്ടെന്നും ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു.
ആം ആദ്മിയുടെ പ്രവർത്തന പരിപാടികൾ നിരീക്ഷിച്ചും പഠിച്ചും വരികയാണെന്നും അതിനു ശേഷം മാത്രമേ അഭിപ്രായം പറയാനാകൂവെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.