ഇനി ഏകദിന ലോക ക്രിക്കറ്റ് മാമാങ്ക നാളുകൾ
text_fieldsക്രിക്കറ്റ് കളി ഒരു ലഹരിയാണ്, ഒരു ഹരമാണ്, ആവേശമാണ്, അതിന്റെ ആരവം ഉയർന്നുകഴിഞ്ഞു. ലോകത്തിന്റെ ക്രിക്കറ്റ് കണ്ണുകൾക്ക് ഇന്ത്യയാണിനിയെല്ലാം. ഇന്ത്യ ആതിഥേയത്വത്തിൽ ലോകകപ്പ് ക്രിക്കറ്റിന് അഹ്മദാബാദിൽ തുടക്കമായി. മുമ്പ് മൂന്ന് തവണ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും രാജ്യം ഒറ്റക്ക് ലോകകപ്പിന് വേദിയൊരുക്കുന്നത് ഇതാദ്യമാണ്. ഉദ്ഘാടന മത്സരം നടന്നത് അഹ്മദാബാദ് മൊട്ടേരയിൽ സബർമതി തീരത്തെ 63 ഏക്കറിന്റെ വിശാലതയിൽ നീണ്ടുപരന്ന് കിടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയം സ്റ്റേഡിയത്തിലായിരുന്നു.
രാജ്യത്തെ 10 നഗരങ്ങളിലാണ് ലോകകപ്പിന്റെ 13-ാ ംപതിപ്പിലെ മത്സരങ്ങൾ നടക്കുന്നത്. 10 ടീമുകളാണ് ലോകകപ്പിനായി പോരടിക്കുന്നത്. ആതിഥേയരും ഒന്നാം റാങ്കുകാരുമായ ഇന്ത്യ കപ്പ് ആഗ്രഹിക്കുന്നവരിൽ മുന്നിലുണ്ട്. 1983-ലും 2011-ലും ഇന്ത്യ ലോകകപ്പ് നേടി. അഞ്ചുതവണ കിരീടം നേടിയ ആസ്ട്രേലിയ, 1992-ലെ ജേതാക്കളായ പാകിസ്താൻ, 1996-ൽ ചാമ്പ്യന്മാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, നെതർലൻഡ്സ് എന്നിവയാണ് മറ്റ് ടീമുകൾ.
ആദ്യത്തെ രണ്ട് ലോകകപ്പ് നേടിയ പ്രതാപികളായ വെസ്റ്റിൻഡീസ് ഇല്ലാത്തതാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടം. 1975-ലെ പ്രഥമ ലോകകപ്പിലും പിന്നാലെ ’79-ലെ രണ്ടാം ലോകകപ്പിലും കിരീടം നേടിയ ടീമാണ് വിൻഡീസ്.
എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ആദ്യ നാല് സ്ഥാനക്കാർ സെമിയിലെത്തും. ആകെ 48 കളികൾ. നവംബർ 15-ന് മുംബൈയിലും 16-ന് കൊൽക്കത്തയിലുമാണ് സെമി. ഫൈനൽ നവംബർ 19-ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ. 2023 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾക്ക് 40 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ ഒരു കോടി ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്.
ഈ ലോകകപ്പിന് ഐ.സി.സി കണ്ടെത്തിയ നവരസങ്ങളായ ആനന്ദം, അഭിമാനം, അത്ഭുതം, അഭിനിവേശം, വീര്യം, തീവ്രവേദന, ബഹുമതി, ധീരം, മഹാത്മ്യം എന്നീ വികാരങ്ങൾ ഈ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമാണ്. സ്റ്റേഡിയത്തിന്റെ വഴികളിൽ ആനന്ദത്തിന്റെയും അത്ഭുതത്തിന്റെയും ചിഹ്നങ്ങൾ നിറഞ്ഞ നാലാൾപൊക്കത്തിലുള്ള സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നതും ഈ ലോകകപ്പിന്റെ മാത്രം പ്രത്യേകതയാണ്. നായകൻ രോഹിത് ശർമ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് തുടങ്ങിയ വൻ താരനിബിഡമായ ആതിഥേയരായ ഇന്ത്യക്ക് തന്നെയാണ് ഈ ലോകകപ്പിൽ ചാമ്പ്യന്മാരാകുന്നതിന് കൂടുതൽ സാധ്യത കൽപിക്കുന്നത്.
ഇതിന് മുന്നേ 2011-ൽ ഇന്ത്യയിൽ വെച്ചു നടന്ന ലോകകപ്പിലാണ് ധോണിയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ തോൽപിച്ചു ഇന്ത്യ ജേതാക്കളായത്. ഇന്ത്യക്ക് മൂന്നാമത്തെ ക്രിക്കറ്റ് ലോകകപ്പ് നേടി തരാൻ രോഹിതിനും കൂട്ടുകാർക്കും സാധിക്കും എന്ന് വിശ്വസിക്കാം. അതിന് വേണ്ടി പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.