ഒരു 'സിം' എടുത്തതിന് സാജു അഴിയാക്കുരുക്കിൽ; അറസ്റ്റ്, ജയിൽവാസം, ഏഴാണ്ടായി നാടുകാണാനാവാതെ മരുഭൂമിയിൽ
text_fieldsദമ്മാം: ഏഴു വർഷം മുമ്പ് ആദ്യമായി സൗദിയിലെത്തിയപ്പോൾ വഴിയരികിലെ പെട്ടിക്കടയിൽനിന്ന് മൊബൈൽ സിം വാങ്ങുമ്പോൾ ഇത് തന്‍റെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്ന് ഈ ചെറുപ്പക്കാരൻ കരുതിയില്ല. താൻ നൽകിയ വിവരങ്ങൾ ദുരുപയോഗം ചെയ്ത മാഫിയ സംഘം സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അകപ്പെട്ട് നാട്ടിൽ പോകാനാവാതെ അലയുകയാണ് കന്യാകുമാരി, കരുങ്കൽ സ്വദേശിയായ സാജു (28).
ദമ്മാമിലെ ഒരു കമ്പനിയിൽ മേസ്തിരി ജോലിക്കായാണ് സാജു എത്തിയത്. ഇഖാമ (താമസ രേഖ) ലഭിച്ച ഉടനെ സീകോ ബിൽഡിങ് പരിസരത്തെ ഒരു കടയിൽ നിന്ന് മൊബൈൽ സിം വാങ്ങി. അതിനാവശ്യമായ രേഖയായി നൽകിയത് ഇഖാമയുടെ പകർപ്പാണ്. ഒരു വർഷത്തിനുശേഷം ജോലിചെയ്യുന്ന സ്ഥലത്തേക്ക് സ്പോൺസറോടൊപ്പം പൊലീസ് എത്തിയപ്പോഴാണ് താൻ ചതിയിലകപ്പെട്ട വിവരം അറിയുന്നത്.
രാജുവിെൻറ രേഖ ഉപയോഗിച്ച് വേറെയും ഫോൺ കണക്ഷനുകൾ എടുക്കുകയും ബാങ്കിൽ അക്കൗണ്ട് തുറന്ന് പണം കവരുകയും ചെയ്തു എന്നായിരുന്നു കേസ്. താൻ നിരപരാധിയാണെന്ന് വാദിച്ചിട്ടും തെളിവുകൾ സാജുവിന് എതിരായിരുന്നു. സൈസഹാത്തിലേയും ഖത്വീഫിലേയും പൊലീസ് സ്റ്റേഷനുകളിൽ പാർപ്പിച്ച സാജുവിനെ പിന്നെ ത്വാഇഫിലേക്ക് കൊണ്ടുപോയി. അവിടെയും കേസുണ്ട് എന്നാണ് പൊലീസ് പറഞ്ഞതത്രേ. ഇതോടെ ദമ്മാമിലുള്ള സാജുവിന്‍റെ സഹോദരൻ സ്റ്റാലിൻ സഹായം തേടി ദമ്മാം ഗവർണർ ഹൗസിൽ പരാതി നൽകി. തുടർന്ന് ത്വാഇഫ് ജയിലിൽ നിന്ന് വിട്ടയച്ചു.
ഇതോടെ കേസുകൾ അവസാനിച്ചു എന്ന ധാരണയിലായിരുന്നു. ഇതിനിടയിൽല ജോലിചെയ്തിരുന്ന നിർമാണ കമ്പനി ചുവപ്പ് കാറ്റഗറിയിൽ വീഴുകയും കഴിഞ്ഞ നാലു വർഷമായി ഇഖാമ പുതുക്കാൻ കഴിയാതാവുകയും ചെയ്തു. ഏക സഹോദരി സൈജിയുടെ വിവാഹം നിശ്ചയിച്ചതോടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് പഴയ കേസ് പൂർണമായും പരിഹരിക്കപ്പെട്ടില്ല എന്നറിയുന്നത്. സ്പോൺസർ പോലും ഇല്ലാതായ സാഹചര്യത്തിൽ ഇനി എങ്ങനെ കേസിന് പരിഹാരം കാണും എന്നറിയാത്ത ആശങ്കയിലാണ് സാജു.
ഇത്തരത്തിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. നിരപരാധികളാണെന്ന് അധികൃതർക്ക് ബോധ്യമുണ്ടെങ്കിലും നിയമത്തിന്‍റെ നൂലാമാലകൾ അഴിക്കാൻ ഏറെ പ്രയാസം നേരിടുകയാണ്. കേസിന്‍റെ കെട്ടുകളഴിച്ച് തന്നെ എങ്ങനെയും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സാജുവും സുഹൃത്തുക്കളും ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ സഹായം തേടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.