കവർച്ച ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ: നിരവധി സംഘങ്ങൾ പിടിയിൽ
text_fieldsജിദ്ദ: കുറ്റകൃത്യങ്ങളിൽ പ്രതികളായ നിരവധി പേരെ കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് പിടികൂടിയതായി സുരക്ഷ വകുപ്പ് അറിയിച്ചു. സ്നാപ് ചാറ്റ് അക്കൗണ്ടിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം അറിയിച്ചത്. വിവിധ കേസുകളിലാണ് ഇവർ പിടിയിലായത്. ബാങ്കിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽനിന്ന് 5,99,000 റിയാൽ കവർന്ന സംഭവത്തിൽ മൂന്ന് സ്വദേശികളും ഒരു അറബ് പൗരനുമുൾപ്പെട്ട സംഘമാണ് പിടിയിലായത്. വിദേശിയായ ഒരാളെ തടഞ്ഞുവെച്ച് മോചനത്തിന് വൻതുക ആവശ്യപ്പെട്ട സംഭവത്തിൽ മൂന്ന് ഏഷ്യൻ രാജ്യക്കാരാണ് അറസ്റ്റിലായത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്ന മൂന്ന് സ്വദേശികളും പിടിയിലായിട്ടുണ്ട്. വാഹനങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും മോഷണം നടത്തുന്നവരാണിവർ.
സുരക്ഷ ഉദ്യോഗസ്ഥരുടെയും ഗവൺമെൻറ് ഉദ്യോഗസ്ഥരുടെയും വേഷത്തിൽ ദമ്മാം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിദേശികളെ കൊള്ളയടിച്ച് പണം തട്ടിയ സംഭവങ്ങളിൽ പ്രതിയായ രണ്ട് സ്വദേശികളും വലയിലായി. വിദേശിയെ തടഞ്ഞുവെക്കുകയും ബന്ധുക്കളിൽ നിന്ന് മോചനത്തിന് വൻതുക ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ മൂന്ന് സ്വദേശികളും രണ്ട് ഇതര അറബ് പൗരന്മാരുമാണുള്ളത്. ഇൗ സംഘവും കസ്റ്റഡിയിലാണ്. ദമ്മാം നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷ ഉദ്യോസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തി പണം തട്ടിയ 47 കുറ്റകൃത്യങ്ങളിലേർപ്പെട്ട മൂന്ന് സ്വദേശികളെയും പൊലീസ് അകത്താക്കി. ബാങ്കിൽനിന്നെന്ന വ്യാജേന ഇടപാടുകാരെ വിളിച്ചും സമ്മാനം ലഭിച്ചു എന്ന തട്ടിപ്പ് സന്ദേശം അയച്ചും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുന്ന ഏഷ്യക്കാരായ എട്ട് പേരടങ്ങുന്ന സംഘം, സുരക്ഷ ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് വീടുകളിലെത്തി ആളുകളെ ബന്ധികളാക്കി പണം തട്ടിയെടുക്കുന്ന ആറ് സ്വദേശികളും രണ്ട് അറബ് പൗരന്മാരുമുൾപ്പെട്ട എട്ടുപേരടങ്ങുന്ന സംഘം എന്നിവരും പിടിയിലായതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.