സൗദി ജീവിതം താനും കുടുംബവും ആസ്വദിക്കുന്നു -ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsറിയാദ്: സൗദിയിലെ ജീവിതം താനും കുടുംബവും ഏറെ ആസ്വദിക്കുന്നതായി പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ജനത രാത്രിയിലാണ് കൂടുതൽ ജീവിക്കുന്നത്, അത് രസകരവുമാണ്. രാവിൽ മനോഹരമാകുന്ന ഒരു നഗരമാണ് റിയാദ്. ഉയർന്ന നിലവാരമുള്ള റസ്റ്റാറന്റുകളുള്ള തലസ്ഥാന നഗരി താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. കുടുംബത്തോടൊപ്പം ബൊളിവാർഡ് വേൾഡ് സന്ദർശിച്ചതാണ് ഇവിടത്തെ ഏറ്റവും നല്ല അനുഭവം. തന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ വളരെ മികച്ചതാണ്. അൽ ഉല സന്ദർശിക്കുക എന്നതാണ് അടുത്ത ആഗ്രഹം. കാരണം അത് വളരെ മനോഹരമായ പ്രദേശമാണെന്ന് തനിക്കറിയാം. കളിക്കളത്തിലും പുറത്തും തനിക്ക് പിന്തുണ നൽകിയ എല്ലാ ആരാധകരോടും അദ്ദേഹം നന്ദി പറഞ്ഞു. ‘‘നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി ഞാൻ ഇവിടെ ഉണ്ടാകും. എന്റെ പ്രകടനം നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’ റൊണാൾഡോ കൂട്ടിച്ചേർത്തു.
അൽ നസ്ർ ക്ലബിൽ തന്നെ താൻ തുടരുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ആവർത്തിച്ചു. ഈ വർഷത്തെ സീസണിൽ ‘അൽ നസ്റി’ന് കാര്യമായ നേട്ടങ്ങളൊന്നുമില്ലെങ്കിലും അടുത്ത സീസണിലും സൗദി പ്രഫഷനൽ ലീഗിന്റെ ഭാഗമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി പ്രോ ലീഗ് സോഷ്യൽ മീഡിയ ചാനൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ലോക താരം തന്റെ തീരുമാനം വെളിപ്പെടുത്തിയത്. സൗദി ലീഗിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് റൊണാൾഡോ പറഞ്ഞു: “യൂറോപ്പിൽ ഞങ്ങൾ രാവിലെയാണ് പരിശീലനം നടത്തുന്നത്, എന്നാൽ ഇവിടെയത് ഉച്ചതിരിഞ്ഞോ രാത്രിയോ ആണ്. റമദാനിൽ തികച്ചും വ്യത്യസ്തമാണ്. രാത്രി 10 മണിക്ക് പരിശീലനം നടത്തിയത് വിചിത്രമായ അനുഭവമായിരുന്നു. പക്ഷേ ഈ നിമിഷങ്ങൾ ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വ്യത്യസ്തമായ ഒരു സംസ്കാരത്തിൽ ഒരാൾക്ക് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ അതിൽനിന്ന് പഠിക്കുന്നു’’ അദ്ദേഹം പറഞ്ഞു.
ഫുട്ബാളിനെ ശരിക്കും സ്നേഹിക്കുന്നവരാണ് സൗദി ആരാധകരെന്ന് റൊണാൾഡോ പറഞ്ഞു. അത് അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ്. അതിൽ അവരെ താൻ അഭിനന്ദിക്കുന്നതായി താരം പറഞ്ഞു. അടുത്ത സീസണിൽ നിരവധി വമ്പൻ താരങ്ങൾ സൗദി ലീഗിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വമ്പൻ കളിക്കാരോ യുവതാരങ്ങളോ പഴയ കളിക്കാരോ ആരുവന്നാലും ലീഗ് മെച്ചപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.