അതിർത്തിവഴി നുഴഞ്ഞുകടക്കൽ: പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു
text_fieldsജീസാൻ: നിയമവിരുദ്ധമായി സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവരിൽ ഇന്ത്യക്കാരും ഏറെ. യമനുമായി അതിർത്തി പങ്കിടുന്ന ജീസാനിലെ ഫിഫ ദായിർ മലഞ്ചെരുവുകളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് അതിർത്തി സുരക്ഷസേനയുടെ പിടിയിൽ അകപ്പെടുന്നവരിൽ അധികവും. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും പലവിധ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവരാണ് രക്ഷപ്പെടാനുള്ള പഴുത് തേടി ഇവിടെ എത്തുന്നത്.
സ്പോൺസറുമായി പ്രശ്നമുള്ളവർ, വാഹനാപകട കേസിൽ കുടുങ്ങിയവർ, സാമ്പത്തിക പ്രശ്നം നേരിടുന്നവർ, ഹുറൂബ് കേസിൽപെട്ടവർ, സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്ത് നിയമലംഘകരായി മാറിയവർ, മറ്റ് പലവിധ നിയമപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയതരം ആൾക്കാരാണ് ഈ സാഹസിക മാർഗം തേടുന്നത്.
ഇടനിലക്കാരുടെ പ്രേരണ വഴി ആയിരക്കണക്കിന് റിയാൽ നൽകിയാണ് അതിർത്തിയിലൂടെ നുഴഞ്ഞുകടന്ന് യമൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ജീസാനിലെ സാമൂഹിക പ്രവർത്തകൻ ഷംസു പൂക്കോട്ടൂർ കഴിഞ്ഞദിവസം അതിർത്തി സുരക്ഷസേനയുടെ ജയിൽ സന്ദർശിച്ചപ്പോഴാണ് ഇത്തരത്തിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്ന വിവരം അധികൃതർ വെളിപ്പെടുത്തിയത്. അതിർത്തിയിൽനിന്ന് ദായിർ വഴി 10 മുതൽ 15 കി.മീ വരെ മലയിടുക്കുകളിലൂടെ നടന്നാണ് പലരും ഇത്തരം സാഹസങ്ങൾ ചെയ്യുന്നതും പിടിക്കപ്പെടുന്നതും. ഈ മേഖല സുരക്ഷസേനയുടെയും മറ്റും നിരീക്ഷണത്തിലുള്ള പ്രദേശമാണ്. ഇവിടെ പ്രവേശിക്കുന്നവരെ സ്വദേശി, വിദേശി വ്യത്യാസം ഇല്ലാതെ കസ്റ്റഡിയിലെടുക്കും.
സേനയുടെ ശാസന അനുസരിക്കാതിരിക്കുകയോ, രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ വെടിവെച്ചേക്കും. കൂടാതെ അതിർത്തി വിട്ടുകടക്കാൻ ശ്രമിക്കുന്നതോടു കൂടി, ഓട്ടോമാറ്റിക് സിസ്റ്റം വഴിയുള്ള ആക്രമണവും ഉണ്ടാകും. ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഏജന്റുമാരുടെ വലയിൽ വീഴുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വ്യഗ്രതയിൽ മരണത്തിന്റെ മുന്നിലേക്കാണ് ഇവർ ചെന്നുചാടുന്നതെന്ന് സാമൂഹികപ്രവർത്തകർ ഓർമപ്പെടുത്തുന്നു.
സുരക്ഷസേനയുടെ കസ്റ്റഡിയിലായാൽ നാലുമാസം വരെ തടവ് ലഭിക്കും. ശേഷം വിരലടയാളം പരിശോധിച്ച് നിലവിൽ കേസ് ഉള്ളതാണെന്ന് കണ്ടെത്തിയാൽ അതത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജയിലിലേക്ക് തുടർ നടപടിക്ക് വേണ്ടി മാറ്റും. ജീസാൻ സുരക്ഷസേന മേധാവിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ അതിർത്തി രക്ഷാസേനയുടെ നിയമകാര്യ വിഭാഗം തലവൻ കേണൽ അബൂനാസിർ കുറ്റകൃത്യത്തെയും അതിന്റെ ഗുരുതര സ്വഭാവത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വിശദീകരിച്ചു. ഈ വിഷയത്തിൽ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും ഇന്ത്യക്കാരുടെ ഇടയിൽ കൂടുതൽ ബോധവത്കരണം നടത്താൻ ശ്രമിക്കുമെന്ന് ഷംസു പൂക്കോട്ടൂർ ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.