സൗദി ഡ്രൈവിങ് സ്‌കൂളുകളിൽ തിരക്കേറി
text_fieldsറിയാദ്: കോവിഡ് കാരണം മാസങ്ങളോളം അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ ഡ്രൈവിങ് സ്‌കൂളുകൾ തുറന്നപ്പോൾ ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ തിരക്ക് വർധിച്ചു. 10 ദിവസം തിയറി, പ്രാക്ടിക്കൽ ക്ലാസുകളിൽ പെങ്കടുക്കണമെന്ന കാരണത്താൽ കോവിഡിനുമുമ്പ് അപേക്ഷകർ കുറവായിരുന്നു. കോവിഡിനുശേഷം പുനരാരംഭിച്ചപ്പോൾ അത് അഞ്ചു ദിവസമായി കുറച്ചത് അപേക്ഷകർക്ക് അനുഗ്രഹമായി. മുമ്പ് അപേക്ഷിച്ചാൽ മാസങ്ങൾ കാത്തിരുന്നാൽ മാത്രമാണ് ക്ലാസിനുള്ള തീയതി ലഭിക്കുക. എന്നാൽ, ഇപ്പോൾ 20 ദിവസത്തിനുള്ളിൽ തീയതി ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറത്തിൽ ഫോട്ടോ പതിപ്പിച്ചു രക്തഗ്രൂപ് നിർണയവും കാഴ്ച പരിശോധനയും നടത്തി അതിെൻറ റിസൽട്ട് സഹിതമാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്.
പുതിയ അപേക്ഷകരെ മൂന്നു വിഭാഗങ്ങളിലായി തരംതിരിച്ചാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. വലിയ ചരക്കുവാഹനങ്ങൾ, ചെറിയ വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ (ടാക്സി). മൂന്നു സമയങ്ങളിലായാണ് ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഞായറാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കുന്ന രൂപത്തിലാണ് അഞ്ചു ദിവസത്തെ ക്ലാസുകളുടെ ക്രമീകരണം. ഈ ദിവസങ്ങളിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് ക്ലാസും ഡ്രൈവിങ് പരിശീലനവും ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒരാഴ്ച കഴിഞ്ഞ് അവസാന ടെസ്റ്റുകൾക്കുള്ള തീയതി ലഭിക്കും. ഈ ദിവസം ആദ്യം ലേണേഴ്സ് ടെസ്റ്റും അതിൽ പാസാകുന്നവർക്ക് ഡ്രൈവിങ് ടെസ്റ്റും നടത്തി പാസായാൽ അന്നുതന്നെ ലൈസൻസ് ലഭിക്കും. അഞ്ചുമുതൽ 10 വരെ വർഷം കാലാവധിയുള്ള ലൈസൻസുകൾക്ക് അപേക്ഷിക്കാം.
റിയാദിൽ പ്രധാനമായും പുരുഷന്മാർക്ക് രണ്ട് ഡ്രൈവിങ് സ്‌കൂളുകളാണ് നിലവിലുള്ളത്. വരുംമാസങ്ങളിൽ ലൈസൻസുകൾക്ക് അപേക്ഷിക്കാൻ കൂടുതൽ നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്നതും തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.