മക്കയിലെ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ തിരക്ക്
text_fieldsമക്ക: റമദാൻ മാസം വിടപറഞ്ഞിട്ടും മക്കയിലെ ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളിൽ തീർഥാടകരുടെ സന്ദർശന തിരക്ക് തുടരുന്നു. ഉംറ ചെയ്യാനായി എത്തുന്ന വിവിധ രാജ്യക്കാരാണ് മക്കയിലെ ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നത്. മക്കയുടെ വടക്കുകിഴക്കൻ ഭാഗത്തെ ജബൽ അൽനൂർ, ഹിറ ഗുഹ, മക്കയുടെ തെക്കൻ ഭാഗത്തെ തൗർ പർവതം, മസ്ജിദുൽ ഹറാം, കഅബ, ഹജറുൽ അസ്വദ്, സഫ മർവ, സംസം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, പുണ്യസ്ഥലങ്ങൾ. മ്യൂസിയങ്ങളാൽ സമ്പന്നമായ നഗരങ്ങളിലൊന്നായ മക്കയിൽ വ്യാപകമായി ജനപ്രിയ വിപണികളുമുണ്ട്.
സിറിയക്കും യമനും ഇടയിലുള്ള വാണിജ്യകേന്ദ്രമായിരുന്നതിനാൽ മുസ്ലിം ലോകത്തിന് ഇവിടം ചിരപരിചിതമാണ്. ഇസ്‌ലാമിക സ്വഭാവങ്ങളാൽ വേർതിരിച്ച കോട്ടകളും ഇതിൽ ഉൾപ്പെടുന്നു. വലിയ വിനോദസഞ്ചാരസാധ്യതകളുള്ള മക്ക ലോക പൈതൃകകേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ലോകത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാരനഗരങ്ങളിലൊന്നും ഇസ്ലാമിക ലോകത്തെ ഏറ്റവും ആകർഷകവുമായ പ്രദേശവുമാണ് മക്ക. 30 ദിവസത്തെ ഉംറ പാക്കേജിൽ വരുന്നവർക്ക് ഗൈഡിന്‍റെ സഹായത്തോടെ മക്കയിലെയും മദീനയിലെയും പ്രധാന ചരിത്രസ്ഥലങ്ങൾ കാണാൻ യഥേഷ്ടം സമയമുണ്ടെന്ന് മക്ക ഹിസ്റ്ററി സെന്‍റർ ഡയറക്ടർ ഡോ. ഫവാസ് അൽദഹാസ് പറഞ്ഞു.
ഇബ്രാഹിം നബിയുടെ കാലം മുതൽ പ്രവാചകൻ മുഹമ്മദ് വരെ ഇസ്‌ലാമിന്‍റെയും മുസ്ലിംകളുടെയും സ്മരണയുമായി ബന്ധപ്പെട്ട ചെറിയ സംഭവത്തിനെങ്കിലും സാക്ഷിയാകാത്ത ഒരു സ്ഥലവും മക്കയിലില്ല. മക്കയിലേക്കും അതിന്‍റെ കേന്ദ്രത്തിലേക്കും കഅബയിലേക്കും നയിക്കുന്ന എല്ലാ റോഡുകളും മക്കയുടെ ചരിത്രപരവും വിനോദസഞ്ചാരവുമായ ഓർമകളാൽ സമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.