ത്വാഇഫിൽ ക്രൗൺ പ്രിൻസ് ഒട്ടകമേള ആരംഭിച്ചു
text_fieldsത്വാഇഫ്: ക്രൗൺ പ്രിൻസ് ഒട്ടകമേളയുടെ ആറാമത് പതിപ്പിന് സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിൽ തുടക്കം. പതിവുപോലെ ത്വാഇഫിലെ ഒട്ടകയോട്ട മൈതാനത്താണ് സൗദി കാമൽ ഫെഡറേഷൻ മേള സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന മേളയുടെ എല്ലാ ഒരുക്കവും സംവിധാനങ്ങളും സംഘാടകസമിതി നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു. മഫാരിദ്, ഹഖാഖിഖ്, ലിഖായ, ജദാഅ്, തനായ, ഹീൽ, സമൂൽ എന്നീ പേരുകളിലായി മൊത്തം 610 റൗണ്ടുകളുള്ള (പ്രാഥമിക ഘട്ടത്തിൽ 360 റൺസ്, അവസാന ഘട്ടത്തിൽ 250 റൺസ്) മത്സരം 23 ദിവസം നീണ്ടുനിൽക്കും.
പ്രാദേശികവും അന്തർദേശീയവുമായ ഒട്ടക ഉടമകളുടെ ഒരു വലിയ സംഘം മത്സരത്തിനായി തങ്ങളുടെ ഒട്ടകങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇത്തവണത്തെ ഒട്ടകയോട്ട മത്സരവിജയികൾക്കുള്ള സമ്മാനമൂല്യം 5.6 കോടി റിയാൽ കവിയും. രണ്ട് കാലഘട്ടങ്ങളിലായി തുടർച്ചയായി 12 ദിവസത്തെ പ്രാഥമിക ഘട്ടങ്ങളോടെയാണ് മേള നടക്കുന്നത്. കായികമേഖലക്ക് പ്രത്യേകിച്ച് ഒട്ടക കായികമേഖലക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കാണിക്കുന്ന വലിയ താൽപര്യത്തിനും പിന്തുണയ്ക്കും ആത്മാർഥമായ നന്ദിയും അഭിനന്ദനവും ഈ അവസരത്തിൽ അറിയിക്കുന്നുവെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു.
നമ്മുടെ പ്രിയപ്പെട്ട രാജ്യം പ്രതിനിധീകരിക്കുന്ന ആധികാരികതയും ചരിത്രപരമായ പൈതൃകവും വികസിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഒട്ടകമേള. പങ്കെടുക്കുന്ന എല്ലാവർക്കും ഒട്ടക കായികപ്രേമികൾക്കും വിജയം നേരുന്നുവെന്ന് കായിക മന്ത്രി പറഞ്ഞു. 2018ലാണ് ഒട്ടകമേളയുടെ ആദ്യ പതിപ്പ് ആരംഭിച്ചത്. മുൻ പതിപ്പുകൾ ലോകമെമ്പാടുമുള്ള ഒട്ടക കായിക ആരാധകരുടെ ശ്രദ്ധേയമായ പങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. സൗദി സംസ്കാരത്തിൽ ഒട്ടകപൈതൃകത്തെ ഏകീകരിക്കാനും മെച്ചപ്പെടുത്താനുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. പൈതൃകത്തെ പിന്തുണക്കുകയും അതിന്റെ സംരക്ഷണവും വികസനവും വർധിപ്പിക്കുകയും ചെയ്യുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് മേള ഗണ്യമായ സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാംസ്കാരിക ആഴത്തെ പ്രതിഫലിപ്പിക്കുന്നു. മേളയുടെ എല്ലാ പതിപ്പുകളിലെ പരിപാടികളും സൗദി, അറബ്, ഇസ്ലാമിക സംസ്കാരത്തിൽ ഒട്ടക പൈതൃകം വേരൂന്നുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.