സൽമാൻ രാജാവിനെ അഭിനന്ദിച്ച് കിരീടാവകാശി
text_fieldsറിയാദ്: ലോക കായിക മാമാങ്കത്തിന്റെ ആതിഥേയത്വം നേടിയതിന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അഭിനന്ദിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ഫിഫയുടെ പ്രഖ്യാപനമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ നേരിട്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു. ഫുട്ബാളിന്റെ വികസനത്തിന് സംഭാവന നൽകാനുള്ള സൗദി അറേബ്യയുടെ മഹത്തായ ദൃഢനിശ്ചയത്തെ കിരീടാവകാശി ഊന്നിപ്പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് ഒറ്റക്ക് സംഘടിപ്പിക്കാൻ പോകുന്ന ആദ്യ രാജ്യമെന്ന ചരിത്രം കുറിക്കാനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബാൾ കളി വികസിപ്പിക്കുന്നതിന് സംഭാവന നൽകാനും രാജ്യത്തെ ജനങ്ങളുടെ ഊർജം അതിന്റെ മഹത്തായ കഴിവുകളും സാധ്യതകളും ഉപയോഗിച്ച് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാനുമുള്ള സൗദിയുടെ മഹത്തായ ദൃഢനിശ്ചയത്തെയും കിരീടാവകാശി സൂചിപ്പിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ലേലത്തിലൂടെ ഔദ്യോഗികമായി നേടിയത് അതിന്റെ ഫലങ്ങളിലൊന്നാണെന്നും കിരീടാവകാശി പറഞ്ഞു.
ലോകകപ്പ് നടത്തുന്നത് സുപ്രീം അതോറിറ്റി
റിയാദ്: 2034 ലോകകപ്പ് നടത്തുന്നത് അതിനായി രൂപവത്കരിക്കുന്ന സുപ്രീം അതോറിറ്റി ആയിരിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ കിരീടാവകാശിയായിരിക്കും. അമീറുമാർ, മന്ത്രിമാർ, അതോറിറ്റി മേധാവികൾ, ഗവർണർമാർ, റോയൽ കോർട്ട് ഉപദേഷ്ടാക്കൾ തുടങ്ങിയവർ ഡയറക്ടർ ബോൾഡിലുണ്ടാവും.
48 ടീമുകൾ പങ്കെടുക്കുന്ന വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏക രാജ്യമെന്ന നിലയിൽ അസാധാരണമായ ലോകകപ്പ് അവതരിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് പ്രത്യേകം അതോറിറ്റി സ്ഥാപിക്കാനുള്ള തീരുമാനമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൽമാൻ രാജാവും കിരീടാവകാശിയും കായിക മേഖലക്ക് ലഭിക്കുന്ന അഭൂതപൂർവമായ പിന്തുണയുടെയും താൽപര്യത്തിന്റെയും മൂർത്തീഭാവമാണിത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സൗദി കായിക രംഗത്തിന്റെ പരിവർത്തന പ്രക്രിയയെ നേരിട്ട് മെച്ചപ്പെടുത്തും. ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ഗുണപരമായ ചുവടുവെപ്പായിരിക്കും. കായികരംഗത്ത് സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിനും അത്ലറ്റുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും എല്ലാ കായികയിനങ്ങളിലും കായിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കുന്ന ‘സൗദി വിഷൻ 2030’ന്റെ ഏറ്റവും പ്രധാനപ്പെട്ട എക്സിക്യുട്ടീവ് പ്രോഗ്രാമുകളിലൊന്നായി കണക്കാക്കപ്പെടും. സാമ്പത്തികം, നിക്ഷേപം, കായികം, വിനോദസഞ്ചാരം, സാമ്പത്തിക ലക്ഷ്യസ്ഥാനം എന്നീ നിലകളിൽ ആതിഥേയത്വം വഹിക്കുന്നതിലൂടെ രാജ്യം സ്വയം ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.