ചെങ്കടലിൽ വീണ്ടും ഉല്ലാസയാത്രക്ക് ഒരുങ്ങി 'ക്രൂയിസ്' കപ്പൽ
text_fieldsജിദ്ദ: ചെങ്കടലിലൂടെ വീണ്ടും 'ക്രൂയിസ്' കപ്പൽ ഉല്ലാസയാത്ര നടത്തുമെന്ന് സൗദി ക്രൂയിസ് കമ്പനി പ്രഖ്യാപിച്ചു. 'എം.എസ്.സി ബെല്ലിസിമ' എന്ന കൂറ്റൻ ഉല്ലാസ നൗകയാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഈ കപ്പൽ ഇത്തരമൊരു യാത്രക്കായി തയാറാക്കുന്നത്.
ജിദ്ദയിൽനിന്നു യാംബു, ജോർഡൻ, ഈജിപ്ത് തീരങ്ങൾ എന്നിങ്ങനെ മൂന്ന് റൂട്ടുകളിലേക്കായിരിക്കും യാത്ര. വിവിധ റിസോർട്ടുകൾ, റെസ്റ്റാറൻറുകൾ, കായിക-വിനോദ പരിപാടികൾ തുടങ്ങി വിനോദത്തിനും വിശ്രമത്തിനും നിരവധി സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടായിരിക്കും ക്രൂയിസ് കപ്പലിലെ ഉല്ലാസയാത്രയെന്ന് കമ്പനി അറിയിച്ചു. ദ്വീപുകൾ, ബീച്ചുകൾ, പവിഴപ്പുറ്റുകൾ തുടങ്ങി ചെങ്കടലിലെ മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സഞ്ചാരപ്രിയർക്ക് അവസരമൊരുക്കും.
കുടുംബങ്ങൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കെല്ലാം ഒരേ രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന വിവിധ പരിപാടികളുമുണ്ടാവും. ഒരാൾക്ക് 2150 റിയാൽ മുതലായിരിക്കും ടിക്കറ്റ് നിരക്ക്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ഈ കപ്പൽ ഉല്ലാസ യാത്ര ജിദ്ദ നിവാസികൾക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും സമ്മാനിക്കുക.
കഴിഞ്ഞ വർഷം 'തനഫുസ്' സമ്മർ സീസണോട് അനുബന്ധിച്ചും ഇത്തരത്തിൽ ചെങ്കടലിൽ സൗദി ടൂറിസം വകുപ്പ് ക്രൂയിസ് കപ്പൽ യാത്ര സംഘടിപ്പിച്ചിരുന്നു. കിങ് അബ്ല്ല ഇക്കണോമിക് സിറ്റിയിൽനിന്ന് യാംബുവിലേക്കും തബൂക്ക് നിയോം സിറ്റിയിലേക്കുമായി മൂന്ന് രാത്രി കഴിച്ചുകൂട്ടി വീണ്ടും കിങ് അബ്ദുല്ല സിറ്റിയിലേക്ക് തിരിച്ചുവരുന്ന രൂപത്തിലായിരുന്നു അന്നത്തെ യാത്രകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.