സൗദിയിൽ വിനോദ സഞ്ചാരികൾക്ക് ക്രൂസ് യാത്ര
text_fieldsയാംബു: സമുദ്ര വിനോദസഞ്ചാര മേഖലയിൽ മുന്നേറി സൗദി അറേബ്യ. ഇതിനായി ഹെറിറ്റേജ് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച് ) വിപുല പദ്ധതികൾ നടപ്പാക്കുകയാണ്. ചെങ്കടലിൽ ഒരുക്കിയ ക്രൂസ് യാത്രാ സീസണിെൻറ മൂന്നാം പതിപ്പ് കഴിഞ്ഞ നവംബറിൽ ആരംഭിച്ചിരുന്നു. ഈ വർഷം മേയ് വരെ തുടരുന്ന യാത്രക്കായി ആഡംബര വിനോദസഞ്ചാര കപ്പലായ ‘എം.എസ്.സി സ് പ്ലെൻഡിഡ’യാണ് ഒരുക്കിയിരിക്കുന്നത്.
നേരത്തേ ‘എം.എസ്.സി ബെല്ലിസിമ’ എന്ന കപ്പലായിരുന്നു സർവിസ് നടത്തിയിരുന്നത്. മൂന്നു ഫുട്ബാൾ മൈതാനങ്ങൾ ചേരുന്നതിനേക്കാൾ വലുപ്പമുള്ള 12 നിലകളാണ് പുതിയ കപ്പലിലുള്ളത്. 4,300 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ക്രൂസ് ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കപ്പലുകളിൽ ഒന്നാണ്. നീന്തൽക്കുളങ്ങൾ, സ്റ്റീം ബാത്ത്, റസ്റ്റാറൻറുകൾ, കഫേകൾ, ബോൾ റൂമുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ കപ്പലിലുണ്ട്. സഞ്ചാരികൾക്ക് സേവനത്തിനായി പ്രഫഷനൽ സംഘവും ഒപ്പമുണ്ടാവും. രുചികരമായ സൗദി ഭക്ഷ്യ വിഭവങ്ങളും യാത്രക്കിടയിൽ വിളമ്പും.
ജിദ്ദ ഇസ്ലാമിക തുറമുഖത്തുനിന്ന് പുറപ്പെടുന്ന എം.എസ്.സി സ് പ്ലെൻഡിഡ യാംബു വാണിജ്യ തുറമുഖം വഴി കടന്നുപോകും. ഈ പ്രതിവാര യാത്ര ചെങ്കടലിലെ സൗദിയുടെ പ്രധാന തുറമുഖങ്ങളിലെല്ലാം എത്തും. ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളിലേക്കും ഈ യാത്ര നീട്ടിയേക്കും. അതിനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ 70ലധികം ക്രൂസ് യാത്രകളിൽ 80 രാജ്യങ്ങളിൽനിന്നുള്ള അരലക്ഷത്തിലധികം യാത്രക്കാരെ സൗദി തുറമുഖങ്ങളിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. വിവിധ യാത്രാപാക്കേജുകൾ ആണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. യാത്രാനിരക്കുകൾ 1,122 സൗദി റിയാൽ മുതലാണ് തുടങ്ങുന്നത്. സൗദി തുറമുഖ അതോറിറ്റിയുടെ (മവാനി) നിയമവ്യവസ്ഥകൾക്ക് വിധേയമായാണ് യാത്രയുടെ വിവിധ പാക്കേജുകളും പദ്ധതികളും നടപ്പാക്കുന്നത്.
യാംബുവിലെത്തുന്ന ക്രൂസ് സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമാർന്ന പൈതൃകോത്സവ പരിപാടികൾ യാംബു ടൗണിലെ ഹെറിറ്റേജ് നഗരിയിൽ കഴിഞ്ഞദിവസം ഒരുക്കിയിരുന്നു. അത് സന്ദർശകർക്ക് നവ്യാനുഭവമായി. രാജ്യത്ത് പൈതൃക സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിെൻറ ഭാഗമായി യാംബു ടൂറിസം ആൻഡ് ഹെറിറ്റേജ് കമീഷനാണ് മേളക്ക് മേൽനോട്ടം വഹിച്ചത്. പൈതൃക കലകളുടെ പ്രകടനം, സാംസ്കാരിക പ്രദർശനങ്ങൾ, വിവിധ പവിലിയനുകൾ എന്നിവ നഗരിയിൽ ഒരുക്കിയിരുന്നു. തനതു വേഷം ധരിച്ച പഴയ അറബികളുടെ പാരമ്പര്യത്തോടെയുള്ള നാടോടി പരിപാടികളും കുട്ടികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.
പൂർവികർ ഉപയോഗിച്ചിരുന്ന കുട്ടയും ചട്ടിയും വട്ടയും വലയും മാലയും ആയുധങ്ങളും പാത്രങ്ങളുമെല്ലാം പ്രദർശിപ്പിച്ചുള്ള പ്രത്യേക സ്റ്റാളുകളും ഒരുക്കിയിരുന്നു. ഉത്സവ നഗരിയിൽ പഴയകാലത്തെ ഗ്രാമീണവും നാഗരികവുമായ ഉൽപന്നങ്ങളും കൗതുകമായി. സാംസ്കാരികാഘോഷ പരിപാടികളും സൗദി യുവതികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും മേളക്ക് മിഴിവേകി.
കടലിനെ ആശ്രയിച്ചും ആഴങ്ങളിൽനിന്ന് മുത്തുവാരിയും കഴിഞ്ഞിരുന്ന ഒരു തലമുറയുടെ നാൾ വഴികൾ പുതു തലമുറക്ക് മേള പകർന്നുനൽകി. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ പ്രതികൂല കാലാവസ്ഥയെ പോലും അതിജീവിച്ച് നാഗരികമായി ഉയർന്ന തലത്തിലെത്തിയ അറേബ്യൻ ജനതയുടെ പിന്നിട്ട വഴികൾ പകർത്താൻ അവസരം ലഭിച്ച പരിപാടി ആസ്വദിക്കാൻ ധാരാളം സ്വദേശികളും മലയാളികളടക്കമുള്ള വിദേശികളും എത്തിയിരുന്നു.
ടൂറിസം പുനരുജ്ജീവിപ്പിക്കാനും സഞ്ചാരികളെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികളാണ് സൗദി ടൂറിസം അതോറിറ്റി നടപ്പാക്കുന്നത്. ദ്വീപുകൾ, ചെങ്കടൽ തീരങ്ങളുടെ പൈതൃക നഗരികൾ, പവിഴപ്പുറ്റുകൾ, ബീച്ചുകൾ തുടങ്ങി ചെങ്കടലിലെ മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സഞ്ചാരപ്രിയർക്ക് സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ക്രൂസ് കപ്പലുകൾ സ്വീകരിക്കുന്നതിന് യാംബു തുറമുഖത്ത് ഇപ്പോൾ രണ്ട് ബർത്തുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും പാസഞ്ചർ ടെർമിനലിെൻറ വികസനം പൂർത്തിയാകാത്തതിനാൽ സഞ്ചാരികൾക്ക് യാംബുവിൽനിന്ന് ക്രൂസ് യാത്ര ചെയ്യാൻ ഇപ്പോൾ കഴിയില്ല.
ജിദ്ദ ഇസ്ലാമിക തുറമുഖത്തുനിന്നാണ് യാത്ര ആരംഭിക്കുന്നത്. യാംബുവിൽ എത്തുന്ന ക്രൂസ് യാത്രക്കാർക്ക് പുറത്തിറങ്ങി യാംബുവിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളും അൽഉലാ, മദാഇൻ സാലിഹ് തുടങ്ങിയ ചരിത്രപ്രദേശങ്ങളും സന്ദർശിക്കാനും കൂടി അധികൃതർ അവസരം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.