ഈത്തപ്പഴകൃഷി സംരക്ഷണം: വ്യത്യസ്ത രീതിയുമായി സൗദി കർഷകർ
text_fieldsയാംബു: ഒട്ടനവധി ചെറുതും വലുതുമായ കാരക്കത്തോട്ടങ്ങൾ അറബ് നാട്ടിലെ വിവിധ പ്രദേശങ്ങളിൽ കാണാം. നഗരങ്ങളിൽ പലരും അത്യുഷ്ണത്തിന്റെ ആലസ്യത്തിൽ മയങ്ങുമ്പോഴും വിശ്രമമില്ലാതെ ഈന്തപ്പന കർഷകർ തോട്ടങ്ങളിൽ സജീവമാകും. ഈത്തപ്പഴകൃഷി ജീവിത വ്രതമായെടുത്ത സ്വദേശികളും വിദേശികളായ ആയിരക്കണക്കിന് കർഷകരും രാജ്യത്തിന്റെ വിവിധ തോട്ടങ്ങളിൽ പണിയെടുക്കുന്നുണ്ട്.
മാർച്ച് പകുതി മുതൽ ഈന്തപ്പന കർഷകർ കൂടുതൽ തിരക്കിലാണ്. പൊടിച്ചുവരുന്ന ഈത്തപ്പഴം കീടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ മുഴുകി തോട്ടങ്ങളിൽ സജീവമാണ് കർഷകർ. പേപ്പർബാഗുകൾകൊണ്ട് കുലകൾ പൊതിഞ്ഞ് അവയെ ചില കാലാവസ്ഥ സാഹചര്യങ്ങളിൽനിന്ന് സംരക്ഷിക്കാനും പഴങ്ങൾ കീടങ്ങളിൽനിന്ന് മുക്തമാക്കാനുമുള്ള പ്രക്രിയയിലാണ് രാജ്യത്തെ ഈന്തപ്പന കർഷകരിപ്പോൾ.
അറബ് കർഷകർക്കിടയിൽ 'അൽ ജമ്മാർ' എന്ന പേരിലാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. പ്രാണികൾ, പല്ലികൾ, എലികൾ എന്നിവയിൽനിന്നും മഴയിൽ നിന്നും ഈത്തപ്പഴങ്ങളെ സംരക്ഷിക്കാനുള്ള രീതിയാണിത്. വ്യാപകമായ പൊടിക്കാറ്റിൽനിന്നുകൂടി സംരക്ഷിച്ച് ശുദ്ധമായ ഈത്തപ്പഴം വിളവെടുക്കാൻ ഇതിലൂടെ കഴിയുന്നുവെന്ന് കർഷകർ പറയുന്നു. കൃത്രിമ പരാഗണം നേരത്തേ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലുള്ള പ്രവർത്തനമാണ് കുലകൾ മൂടിക്കെട്ടുന്ന രീതി.
പല വൃക്ഷങ്ങള്‍ക്കും പരാഗണം ഷഡ്പദങ്ങളും കിളികളും കാറ്റും ഉള്‍പ്പെടെയുള്ളവയിലൂടെ നടക്കുമ്പോള്‍ ഈന്തപ്പന പൂത്ത് നല്ല ഫലം ലഭ്യമാകണമെങ്കിൽ പൂങ്കുല വിരിഞ്ഞാല്‍ കൃത്രിമ പരാഗണം നടത്തണം. ആൺ-പെൺ പൂവുകൾ വെവ്വേറെ പനകളിലാണ് വിരിയുന്നത്. കൃഷിത്തോട്ടങ്ങളിൽ പെൺ പനകളാണ് കൂടുതലായും നട്ടുവളർത്തുന്നത്. അതുകൊണ്ടു തന്നെ സ്വദേശികൾ ഈത്തപ്പഴത്തിന് പേരു നൽകുന്നതും ഏറെയും സ്ത്രീനാമങ്ങളാണ്.
ഈന്തപ്പന പൂക്കുന്ന സീസണിൽ കൃത്രിമ പരാഗണം വഴിയാണ് പൂക്കളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രജനനം നടത്തുന്നത്. ഒരു ഈന്തപ്പനയുടെ ചുവട്ടിൽനിന്നു മറ്റു പല കാണ്ഡങ്ങളും മുളച്ചുവരും. ഇവ വേർപിരിച്ച് നല്ലപോലെ വെള്ളം നൽകി നട്ടുപിടിപ്പിച്ചാണ് പുതിയ പനകൾ കൃഷി ചെയ്യുന്നത്.
വിത്ത് മുളച്ചുണ്ടാകുന്നത് കരുത്തുറ്റ പനകളായി വളരില്ല. നാട്ടിലെ വാഴത്തൈകൾ പിരിച്ചുവെക്കുന്നവിധമാണ് ഈന്തപ്പന കൃഷികളും വ്യാപകമാക്കുന്നത്. ഈന്തപ്പന പൂക്കാന്‍ തുടങ്ങുന്നത് ശൈത്യകാലം ഏറക്കുറെ വിട്ടുപോകാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ്. കടുത്ത ചൂടിനൊപ്പം ഈത്തപ്പഴ സീസണ് കൂടി അവസാനിക്കും.
സീസണ് കഴിഞ്ഞാലും വിവിധ രൂപഭേദങ്ങളിലും രുചികളിലുമായി ഈത്തപ്പഴം അടുത്ത വര്‍ഷം വരെ ഇനിയും വിപണിയില്‍ ഉണ്ടായിരിക്കും. അതുവരെ ഈത്തപ്പഴപ്രേമികള് സായുജ്യമടയുന്നത് പരമ്പരാഗത രീതിയിലും ശാസ്ത്രീയമായ രൂപത്തിലും സമീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഈത്തപ്പഴശേഖരത്തെ ആശ്രയിച്ചായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.