12-ാമത് സാംസ്കാരികോത്സവം; മദീനയിൽ പ്രൗഢമായ തുടക്കം
text_fieldsമദീന: മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കാമ്പസിൽ നടക്കുന്ന 12-ാമത് 'കൾച്ചേഴ്സ് ആൻഡ് പീപ്പിൾസ് ഫെസ്റ്റിവൽ' എന്ന പേരിൽ അറിയപ്പെടുന്ന സാംസ്കാരിക ജനകീയ ഉത്സവത്തിന് പ്രൗഢമായ തുടക്കം. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് തിങ്കളാഴ്ച മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. സഊദ് ബിൻ ഖാലിദ് ബിൻ ഫൈസൽ, വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ ഉന്നതരും അംബാസഡർമാരും കോൺസൽമാരും ചടങ്ങിൽ സംബന്ധിച്ചു.
വിവിധ രാജ്യങ്ങളിലെ ആളുകളുടെ സാംസ്കാരിക പൈതൃകം, അവരുമായുള്ള ആശയവിനിമയം, പരസ്പര സഹവർത്തിത്വം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ഉത്സവം മെയ് 6 വരെ നീണ്ടുനിൽക്കും. 95 രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന വൈജ്ഞാനിക പവലിയനുകൾ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ ബഹുമുഖമായ കഴിവുകളുടെ പരിച്ഛേദം മേളയിൽ ദർശിക്കാം. 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള 100,000 വിദ്യാർഥികൾ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും അവരുടെ സമൂഹങ്ങളുടെയും മാതൃരാജ്യങ്ങളുടെയും വികസനത്തിന് മഹത്തായ സംഭാവനകൾ നൽകാൻ അവർക്കുകഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഉദ്ഘാടനച്ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ സർവകലാശാലയുടെ ആക്ടിംഗ് പ്രസിഡന്റ് ഹസൻ അൽ ഔഫി പറഞ്ഞു. 95 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ സാംസ്കാരികോത്സവം വഴി ഒരുമിച്ചു കൂട്ടാനും അവർക്ക് അവരുടെ സാംസ്കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും പ്രദർശിപ്പിക്കാനുമുള്ള വേദിയാണ് സംവിധാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കുടുംബങ്ങൾക്കും കുട്ടികൾക്കും സമൂഹത്തിനുമായി 40 ലധികം പ്രവർത്തനങ്ങളും പരിപാടികളും മേളയിൽ അവതരിപ്പിക്കുന്നുണ്ട്. മേളയിലെ വിവിധ പവലിയനുകളിൽ സൗദി കാപ്പി, അറബി കവിത, കാലിഗ്രഫി, അറേബ്യൻ ചായ, 2024 ലെ ഒട്ടകവർഷാചരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ ദൃശ്യങ്ങളും ആവിഷ്കാരങ്ങളും സന്ദർശകരെ ആകർഷിക്കുന്നു. മേള സന്ദർശിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും സമ്പന്നമായ അനുഭവങ്ങൾ നൽകുന്ന വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക സ്റ്റാളുകളും പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.