ഡാഫൊഡിൽസ് സംഗമം സോക്കർ 2023 മത്സരങ്ങൾക്ക് തുടക്കം
text_fieldsറിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റിയുടെ 29ാമത് ഡാഫൊഡിൽസ് സംഗമം സോക്കർ 2023 ഫുട്ബാൾ ടൂർണമെൻറ് മത്സരങ്ങൾക്ക് വർണാഭമായ തുടക്കം. ഡിസംബർ ഒന്നുവരെ നാലാഴ്ചകളായി തുടരുന്ന മത്സരങ്ങൾ വൈകീട്ട് ആറ് മുതൽ ഓൾഡ് ഖർജ് റോഡിലുള്ള ഇസ്‌കാൻ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. നാലു ടീമുകളും ടീം ഓണർമാരും കുരുന്നുകളും അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടി ലുഹ ഗ്രൂപ്പ് ചെയർമാനും സംഗമം മുൻ പ്രസിഡൻറുമായ ബഷീർ മുസ്ലിയാരകം ഉദ്ഘടനം ചെയ്തു.
വൈസ് പ്രസിഡൻറ് ബി.വി. ഫിറോസ് അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ലവർ ഗ്രൂപ്പ് ചെയർമാൻ ടി.എം. അഹ്മദ് കോയ, ഡാഫൊഡിൽസ് ഗ്രൂപ്പ് എം.ഡി ഹൈസം ആദം, സീ ടെക് ഗ്രൂപ്പ് ഡയറക്ടർ അസീസ് കടലുണ്ടി, സോന ജ്വല്ലറി പ്രതിനിധി ശ്രീജിത്ത്, ടീ ടൈം റിയാദ് ഡയറക്ടർ എം.വി. ഹസ്സൻ കോയ, കെ.എൻ. അഡ്വർടൈസിങ് ഡയറക്ടർ എസ്.എം. യൂനുസ് കുഞ്ഞി, മുൻ സംഗമം പ്രസിഡൻറ് ഐ.പി. ഉസ്മാൻ കോയ, ജിദ്ദ കാലിക്കറ്റ് കമ്മിറ്റി മുൻ കൺവീനർ എസ്.എം. യൂനുസ്, എം.വി. നൗഫൽ, എൻജി. ഹുസൈൻ ആലി, ജബ്ബാർ കണ്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് ഷാഹിൻ സ്വാഗതവും വൈസ് പ്രസിഡൻറ് എം.എം. റംസി നന്ദിയും പറഞ്ഞു.
ആദ്യ മത്സരത്തിൽ അവുതത്തെ എഫ്.സിയും പാർട്ടി ഓഫീസ് റോയൽസും മാറ്റുരച്ചു. ആദ്യ പകുതിയുടെ 15 മിനിറ്റിൽ ഫ്രീ കിക്കിലൂടെ അവുതത്തെ എഫ്.സിയുടെ നദീം നേടിയ എകപക്ഷീയ ഗോളിലൂടെ പാർട്ടി ഓഫീസ് റോയൽസിനെ പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി നദീമിനെ തെരഞെടുത്തു. രണ്ടാം മത്സരത്തിൽ റവാബി എഫ്.സിയും കല്ലുമേൽ എഫ്.സിയും മാറ്റുരച്ചു. ആദ്യ പകുതിയുടെ 24ാം മിനുട്ടിൽ റവാബി എഫ്.സിയുടെ തബ്ഷീർ നേടിയ ഗോളിലൂടെ കല്ലുമേൽ എഫ്.സിയെ പരാജപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി തബ്ഷീറിനെ തെരഞെടുത്തു. ഹാഷിം, പി.കെ.വി. അബ്ദുറഹ്മാൻ, വി.എസ്. അഹ്മദ് കോയ, കെ.വി. അൻവർ, സാജിദ് റഹ്മാൻ, കെ.പി. ഹാരിസ്, എം.വി. അഹ്മദ് റഹ്മാൻ കുഞ്ഞി, സകരിയ മൊല്ലൻറകം, അഹ്മദ് കോയ, മിർഷാദ് ബക്കർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
വെള്ളിയാഴ്ചയിലെ രണ്ടാംവാരത്തിൽ ആദ്യ മത്സരം പാർട്ടി ഓഫീസ് റോയൽസും കല്ലുമേൽ എഫ്.സിയും തമ്മിലാണ്. രണ്ടാമത്തെ മത്സരത്തിൽ റവാബി എഫ്.സി, ആവുതത്തെ എഫ്.സിയെ നേരിടും. ഇതിന് അനുബന്ധമായി സംഗമം ജൂനിയർ, സബ് ജൂനിയർ മത്സരങ്ങൾ അരങ്ങേറും. സ്പോർട്സ് കൺവീനർ റിസ്‌വാൻ അഹ്മദ്, ജോയിൻറ് സെക്രട്ടറിമാരായ കെ.വി.പി. ജാസ്സിം, ഡാനിഷ് ബഷീർ, പബ്ലിസിറ്റി കൺവീനർ എൻ.എം. റമീസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ എസ്.വി. ഹനാൻ, പി.എ. സകീർ, പി.ടി. അൻസാരി, ഇ.വി. ഡാനിഷ്, അലി ജാഫർ, ഷഹൽ അമീൻ, നദീം അഹ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. സംഗമം കുടുംബിനികളും കുട്ടികളും അടക്കം 600 അധികം പേർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.