ഡാക്കർ റാലി 2022 ഏഴാംഘട്ടത്തിലേക്ക്
text_fieldsജിദ്ദ: ഡാക്കർ റാലി 2022 ഏഴാംഘട്ടത്തിലേക്ക് പ്രവേശിച്ചു. ഒരാഴ്ച പിന്നിട്ട റാലി റിയാദിൽനിന്ന് ഞായറാഴ്ച ദവാദ്മിയിലേക്ക് പുറപ്പെട്ടു. റിയാദിലെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഏഴാംഘട്ടം ആരംഭിച്ചത്.
ഇനിയുള്ള അഞ്ച് ഘട്ടവും കൂടി പിന്നിട്ട് റാലി ജനുവരി 14 ന് ജിദ്ദയിലെ ഫിനിഷിങ് പോയൻറിലെത്തും.
ആറാം ഘട്ടം അവസാനിച്ചപ്പോൾ സൗദി താരം യസീദ് അൽറാജിഹിയെ 48 മിനിറ്റും 54 സെക്കൻഡും പിന്നിലാക്കി ടൊയോട്ട ടീം ഡ്രൈവറായ ഖത്തറിലെ നാസർ അൽ അത്വിയ ആണ് കാർ വിഭാഗത്തിൽ ഒന്നാമത്.
മൂന്നാം സ്ഥാനത്ത് ബി.ആർ.എക്സ് ടീം ഡ്രൈവറായ ഫ്രാൻസിന്റെ സെബാസ്റ്റ്യൻ ലോയിബാണ്.മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ഗാസ്ഗാസ് ടീമിന്റെ ഡ്രൈവറായ ബ്രിട്ടന്റെ സാം സണ്ടർ ലാൻഡാണ് മുന്നിൽ. ഓസ്ട്രിയൻ താരം മത്തിയാസ് വാക്നർ രണ്ടാം സ്ഥാനത്തും ആസ്ട്രേലിയക്കാരനായ ഡാനിയൽ സാൻഡേഴ്സ് മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ ആറ് ഘട്ടങ്ങളിലായി ട്രക്ക് വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നത് കാമാസ് ടീം ആണ്. ലൈറ്റ് വാഹന വിഭാഗമായ ടി 3 യിൽ ചിലിയുടെ ഫ്രാൻസിസ്കോ ലോപ്പസ് കോണ്ടാർഡോ മുന്നിലാണ്.
രണ്ടാം സ്ഥാനത്ത് സ്വീഡന്റെ സെബാസ്റ്റ്യൻ എറിക്സനും മൂന്നാം സ്ഥാനത്ത് സ്പെയിനിന്റെ ക്രിസ്റ്റ്യൻ ഗുട്ടറസുമാണ്. ലൈറ്റ് ഡെസേർട്ട് വാഹനം വിഭാഗത്തിൽ ബ്രസീലിയൻ ഡ്രൈവർ റോഡ്രിഗോ ലോപ് ഡി ഒലിവേര ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാം സ്ഥാനത്ത് അമേരിക്കക്കാരനായ ആസ്റ്റൺ ജോൺസും മൂന്നാം സ്ഥാനത്ത് പോളണ്ടിന്റെ മിശാൽ ഗുച്ചലുമാണ്. നാല് ചക്ര മോട്ടോർ സൈക്കിൾ (ക്വാഡ്സ്) വിഭാഗത്തിൽ ഫ്രഞ്ച് റൈഡർ യമഹ ടീമിലെ അലക്സാണ്ടർ ജിറൂഡാണ് ഒന്നാമത്.
അമേരിക്കക്കാരനായ പാബ്ലോ കോപ്റ്റിയ രണ്ടാം സ്ഥാനത്തും റഷ്യയുടെ അലക്സാണ്ടർ മാക്സിമോവ് മൂന്നാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.