ഡാക്കർ റാലി ചാമ്പ്യൻ യസീദ് അൽ റാജ്ഹിക്ക് കിരീടാവകാശി സ്വീകരണം നൽകി
text_fieldsഡാക്കർ റാലി ചാമ്പ്യൻ യസീദ് അൽ റാജ്ഹിക്ക് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: 2025ലെ സൗദി ഡാക്കർ റാലിയിൽ ചാമ്പ്യനായ സൗദി മോട്ടോർ സ്പോർട്സ് താരം യസീദ് അൽ റാജ്ഹിക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരണം നൽകി.
ജിദ്ദ അൽസലാം കൊട്ടാരത്തിലെ ഓഫിസിൽ ഒരുക്കിയ ചടങ്ങിലാണ് സ്വീകരണം. മോട്ടോർ സ്പോർട്ടിലെ ഏറ്റവും വലുതും പ്രശസ്തവുമായ ആഗോള ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സൗദി റേസർ എന്ന നിലയിലാണ് ആദരം. നിരവധി അന്താരാഷ്ട്ര മത്സരാർഥികളുമായി ശക്തമായ മത്സരത്തിനുശേഷം ചാമ്പ്യൻഷിപ് കിരീടം നേടിയ യസീദ് അൽ റാജ്ഹിയെ കിരീടാവകാശി അഭിനന്ദിച്ചു.
ഈ നേട്ടം സൗദി കായികതാരങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു.
സ്വീകരണത്തിന് യാസിദ് അൽ റാജ്ഹി കിരീടാവകാശിക്ക് നന്ദി അറിയിച്ചു. എല്ലാ കായികതാരങ്ങൾക്കുമുള്ള കിരീടാവകാശിയുടെ കരുതലും പിന്തുണയുമാണ് ഇത്. രാജ്യത്തിന്റെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യാനും ആത്മാർഥമായി പ്രവർത്തിക്കാനും അന്താരാഷ്ട്ര, ഭൂഖണ്ഡാന്തര വേദികളിൽ രാഷ്ട്രത്തിന്റെ പതാക ഉയർത്താനും പ്രേരിപ്പിക്കുന്നതാണ് ഈ സ്വീകരണമെന്നും അൽ റാജ്ഹി പറഞ്ഞു. സ്വീകരണച്ചടങ്ങിൽ കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി, സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.