പ്രാർത്ഥനകൾ വിഫലം; ദമ്മാമിലെ കലാകാരൻ ജോബി.ടി ജോർജ്ജ് നിര്യാതനായി
text_fieldsദമ്മാം: അർബുദ ബാധയെത്തുടർന്ന് ദമ്മാമിൽ ചികിൽസയിലായിരുന്ന അഭിനേതാവും, കലാകാരനുമായ കൊല്ലം തിരുത്തിക്കര ജോബി ടി. ജോർജ്ജ് (43) നിര്യാതനായി. മാസങ്ങൾക്ക് മുമ്പാണ് അർബുദ ബാധ സ്ഥിരീകരിച്ചത്. വെല്ലൂരിലെ ചികിൽസക്ക് ശേഷം തിരികെയെത്തിയ ജോബി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഒരാഴ്ച മുമ്പുണ്ടായ അസ്വസ്ഥയെത്തുടർന്ന് ദമ്മാമിലെ സ്വകാര്യ ആുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രോഗം മൂർഛിച്ചതിനെ ത്തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.ചെവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മരിച്ചത്.
ദമ്മാം മാർത്തോമാ ഇടവക അംഗമായിരുന്നു. ഇടവക ട്രസ്റ്റി, അക്കൗണ്ടൻറ്, ആത്മായ ശുഷ്രുഷകൻ, യീവ ജനസഖ്യം സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി സ്വകാര്യ കമ്പനിയിൽ ഫൈനാൻസ് വിഭാഗത്തിൽ ജോലിചെയ്തു വരികയായിരുന്നു. അൽ ഖോബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് സാംസ്കാരിക വേദിയുടെ പ്രവർത്തകനായ ജോബി നിലവിൽ ആർ്ടസ് ക്ലബ്ബ് സെക്രട്ടറിയാണ്. കനിവ് അവതരിപ്പിച്ച നിരവധി നാടകങ്ങളിൽ ജോബി വേഷമിട്ടുണ്ട്.
ദമ്മാം നാടകവേദി കഴിഞ്ഞ വർഷം വിശ്വവിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച 'ഇതിഹാസം' എന്ന നാടകത്തിൽ ഷേക്സ്പിയറായി അഭിനയിച്ചതോടെയാണ് ജോബി സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. ആൻറമാൻ സ്വദേശിനിയും നഴ്സുമായിരുന്ന ജിഷയാണ് ഭാര്യ. 'ഇതിഹാസം' നടകത്തിൽ ഷേക്സ്പിയറിന്റെ അമ്മയായി അഭിനയിച്ചത് ജിഷയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ദമ്മാം സ്കുൾ വിദ്യാർത്ഥികളായ ലെവിൻ (13) ലിയാന (ഒമ്പത്) എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.