ഡിഫ സൂപ്പർ കപ്പിന് വ്യാഴാഴ്ച തുടക്കം
text_fieldsദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാൽപ്പന്ത് കളി കൂട്ടായ്മകളുടെ ഏകീകൃത വേദിയായ ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (ഡിഫ) സംഘടിപ്പിക്കുന്ന നയന്‍സ് ഫുട്ബാള്‍ മേളയായ ഡിഫ സൂപ്പര്‍ കപ്പിന് ജൂൺ ആറ് വ്യാഴാഴ്ച്ച തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദമ്മാം ദഹ്റാൻ എക്സ്പോക്ക് സമീപമുള്ള അൽ യമാമ സ്റ്റേഡിയമാണ് മത്സരവേദി. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 23 ക്ലബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വരുന്ന വ്യാഴാഴ്ച്ച രാത്രി 10.30ന് നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
രണ്ട് മാസക്കാലം നീണ്ട് നിൽക്കുന്ന ടൂർണമെന്റില്‍ പ്രഗത്ഭരായ മുന്നൂറിൽ പരം താരങ്ങൾ വിവിധ ടീമുകൾക്കായി ബൂട്ടണിയും. സൗദിയിലെ സേഫ്റ്റി വിപണന രംഗത്തെ പ്രമുഖരായ കാക്കു സേഫ്റ്റി ആണ് ഇത്തവണത്തെ ഡിഫ സൂപ്പർ കപ്പിന്റെ മുഖ്യ പ്രായോജകര്‍. കിക്കോഫ് ചടങ്ങില്‍ അൽ യമാമ യൂണിവേഴ്സിറ്റി ഡയറക്ടർ ഓഫ് ഫെസിലിറ്റീസ് ഡയറക്ടർ അബ്ദുള്ള ഫഹദ് അൽ മഖ്ലൂത്ത് മുഖ്യാതിഥിയായിരിക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സംസ്ക്കാരിക കായിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ടൂര്‍ണമെന്റ് സംഘാടനത്തിനായി എല്ലാ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
രണ്ട് മാസക്കാലത്തോളം ഒമ്പത് ആഴ്ചകളിലായി നടക്കുന്ന ടൂർണമെന്റിന്റെ കലാശപ്പോരാട്ടം ജൂലായ് 19ന് നടക്കും. പ്രമുഖ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴ്സിയണിയുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടന പരിപാടികളിലും മത്സര ദിവസങ്ങളിലുമൊക്കെ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവിശ്യയിലെ എല്ലാ ക്ലബുകളേയും ഒരുമിപ്പിച്ച് കൊണ്ട് 2004ൽ സുനാമി ദുരന്ത കാലയളവിലാണ് ദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (ഡിഫ) എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. 2009ൽ കൂട്ടായ്മയെ പുനഃസംഘടിപ്പിച്ചതിന് ശേഷമാണ് ദമാമില്‍ ഫുട്ബാള്‍ വികാസത്തിന് തുടക്കം കുറിച്ചത്. ആയിരത്തോളം വരുന്ന കളിക്കാര്‍ക്കും ഇരുപത്തിനാലിൽപരം ക്ലബുകള്‍ക്കും നേത്യത്വം കൊടുക്കുകയും ദമാമില്‍ മികച്ച രീതിയില്‍ ഫുട്ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിന് അവസരം ഒരുക്കുകയാണ് ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിലൊക്കെയും ജീവകാരുണ്യ രംഗത്ത് മറുകൈ അറിയാതെ ഒരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയൂടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഡിഫ സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. ഡിഫ ആക്ടിങ് പ്രസിഡന്റ് ഷഫീർ മണലോടി, ടൂര്‍ണമെന്റ് കമ്മറ്റി ചെയർമാൻ മുജീബ് കളത്തിൽ, മീഡിയ കൺവീനർ സഹീർ മജ്ദാൽ, ഡിഫ ആക്ടിങ് ജനഃസെക്രട്ടറി ആസിഫ് മേലങ്ങാടി, ട്രഷറർ ജുനൈദ് കാഞ്ഞങ്ങാട് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.