ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദിന് യാത്രയയപ്പ് നൽകി
text_fieldsദമ്മാം: നാലു പതിറ്റാണ്ടു നീണ്ട അധ്യാപക വൃത്തിക്കുശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ അധ്യാപികയും ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മെഹ്നാസ് ഫരീദിന് സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ പൊതുവേദിയായ ‘ഡിസ്പാക്ക്’ യാത്രയയപ്പ് നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇഷ്ട അധ്യാപികയായ മെഹ്നാസ് ഫരീദ് 1985 മുതൽ ദമ്മാം സ്കൂളിൽ അധ്യാപികയാണ്. മുംബൈ സ്വദേശിനിയായ മെഹ്നാസ് പരീക്ഷ കൺട്രോളർ, അക്കാദമിക് വിഭാഗം വൈസ് പ്രിൻസിപ്പൽ, ബോയ്സ്, ഗേൾസ് സ്കൂളുകളുടെ വൈസ് പ്രിൻസിപ്പൽ തുടങ്ങിയ ചുമതലകൾ വിവിധ കാലഘട്ടങ്ങളിൽ വഹിച്ചിട്ടുണ്ട്.
ദമ്മാം സ്കൂളിന്റെ 40 വർഷത്തെ ചരിത്രത്തിലെ നിരവധി നേട്ടങ്ങളിൽ ഒട്ടേറെ കൈയൊപ്പുകൾ പതിച്ചാണ് ഇവർ സൗദിയിൽനിന്ന് മടങ്ങുന്നത്. മുൻ പ്രിൻസിപ്പൽ സുബൈർ ഖാന്റെ ഒഴിവിലാണ് സ്കൂളിലെ സീനിയർ അധ്യാപികയായിരുന്ന മെഹ്നാസ് ഫരീദിനെ മൂന്നു വർഷം മുമ്പ് പ്രിൻസിപ്പലായി നിയമിച്ചത്. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിനെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി വളർത്തിക്കൊണ്ടുവരാനും ഒപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമായ സ്കൂളിന്റെ സൽപേര് നിലനിർത്താനും അക്കാദമിക്-അക്കാദമിക് ഇതര രംഗത്ത് സ്കൂളിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനും സാധിച്ചത് രക്ഷിതാക്കളും വിദ്യാർഥികളും നൽകിയ വലിയ പിന്തുണ കൊണ്ടാണെന്നും സ്കൂളിന്റെ ഉന്നമനത്തിന് ഡിസ്പാക്ക് നൽകിയ സഹായ സഹകരണങ്ങൾ എന്നും ഓർക്കപ്പെടുമെന്നും മെഹ്നാസ് ഫരീദ് പറഞ്ഞു.
സ്കൂളിൽ നടന്ന ചടങ്ങിൽ ഡിസ്പാക്ക് പ്രസിഡൻറ് സി.കെ. ഷഫീക് ഉപഹാരം സമ്മാനിച്ചു. സ്കൂളിന്റെ പുതിയ പ്രിൻസിപ്പൽ സുനിൽ പീറ്റർ, ഡിസ്പാക്ക് ജനറൽ സെക്രട്ടറി അഷ്റഫ് ആലുവ, ട്രഷറർ ഷമീം കാട്ടാക്കട, മറ്റു ഭാരവാഹികളായ മുജീബ് കളത്തിൽ, സാദിഖ് അയ്യാലിൽ, ഗുലാം ഫൈസൽ, നിസാം യൂസഫ്, തോമസ് തൈപ്പറമ്പിൽ, പി. നാസർ കടവത്ത് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.