പ്രവാസികളുടെ പ്രാർഥന സഫലമാകും; ഇന്ത്യ മോചിപ്പിക്കപ്പെടും -പഴകുളം മധു
text_fieldsദമ്മാം: സർവാധിപത്യം വാഴുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ പിഴിതെറിയാൻ കഴിയുന്ന പ്രതീക്ഷാ നിർഭരമായ സാഹചര്യമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. കോൺഗ്രസിന്റെ പ്രവാസി സംഘടനകളുടെ സൗദി ചുമതലയുള്ള അദ്ദേഹം ദമ്മാമിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പത്തുവർഷമായി ഇന്ത്യയുടെ ഹൃദയവഴികളിലുടെ സഞ്ചരിച്ച് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. തങ്ങളുടെ അടിത്തറയിളകിത്തുടങ്ങിയ തിരിച്ചറിവിൽ രൂപപ്പെട്ട ഭയത്തിൽനിന്നാണ് മോദിയും, അമിത്ഷായും വർഗീ ജൽപനങ്ങൾ പുറപ്പെടുവിക്കുന്നത്. കേരളത്തിൽ 20ൽ 20സീറ്റിലും കോൺഗ്രസിനെ വിജയിപ്പിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങൾ ഈ മാറ്റത്തിന്റെ അടിത്തറ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മതേതരമൂല്യങ്ങൾ നശിക്കുകയും, മനുഷ്യനെ വിഘടിപ്പിക്കുന്ന പ്രത്യശാസ്ത്രം അധികാരം വാഴുകയും ചെയ്യുമ്പോൾ അതിൽ ഏറ്റവും പ്രയാസപ്പെടുന്നത് പ്രവാസികളാണ്. ഭരണമാറ്റം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പ്രവാസികളാണ്. നിരവധിപേരാണ് പ്രതിസന്ധികളെ മറികടന്ന് ഇത്തവണ വോട്ടുചെയ്യാനെത്തിയത്. അവരുടെപ്രാർത്ഥന ഇത്തവണ സഫലമാവുകതന്നെ ചെയ്യുമെന്നും പഴകുളം മധു ആവർത്തിച്ചു.കേരളത്തിൽ ബി.ജെ.പി സീറ്റുകൾ പിടിക്കുമെന്നുള്ള അവരുടെ വാദം രാഷ്ട്രീയ തട്ടിപ്പ് മാത്രമാണ്. നിയമസഭ തെരഞ്ഞടുപ്പിൽ നേടിയ വോട്ടു ശതമാനം പോലും ഇത്തവണ അവർക്ക് നേടാനാവില്ല. കേരളത്തിൽ അവരുടെ സർവ്വ രാഷ്ട്രീയ അടവുകൾ പുറത്തെടുത്താലും പ്രബുദ്ധ ജനത അത് തിരിച്ചറിഞ്ഞുമറുപടികൊടുക്കും. പത്തനംതിട്ടയിൽ ഇടതുപക്ഷം വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. കണ്ണുർ മോഡൽ പിന്തുടർന്ന് കള്ളവോട്ടുകളുണ്ടാക്കി 30 ഓളം സഹകരണ ബാങ്കുകൾ പിടിച്ചെടുത്ത പാരമ്പര്യം ഇത്തവണ തെരഞ്ഞെടുപ്പിലും അവർ പയറ്റിനോക്കി. പക്ഷെ കോൺഗ്രസ് പ്രവർത്തകർ അതിനെയെല്ലാം പ്രതിരോധിച്ചതായി അദ്ദേഹം പറഞ്ഞു. വർഗീയത നിർലജ്ജം പറയുന്ന പാർട്ടിയാണ് സി.പി.എം. അത് തന്നെയാണ് അവർ വടകരയിലും പുറത്തെടുത്തതെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. പക്ഷെ ഫാഷിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ അതിനു പുറത്തുനിൽക്കുന്ന ഏത് ഭൂതങ്ങളുമായി കൂട്ടുകൂടുക എന്ന നയത്തിന്റെ ഭാഗമായാണ് സി.പി.എം.മ്മിനെ ഇൻഡ്യ മുന്നണിയിൽ ഉൾപ്പെടുത്തിയതെന്ന് മറ്റൊരുചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയുടെ നിലപാടല്ല പിണറായിക്ക് ഉള്ളതെന്നും അദ്ദേഹം ഇതുവരെ ഇൻഡ്യ മുന്നണിയുടെ ഒരു പരിപാടിയിലും ഭാഗമായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകളോട് കേന്ദ്ര സർക്കാർ ചിറ്റമ്മനയം പിന്തുടരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അതല്ല എന്നും, ഇടതുപക്ഷം പിന്തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപുരയിലും, പശ്ചിമബംഗാളിലും ഉപയോഗിച്ച് പരാജയപ്പെട്ടിട്ടും ഇവർ പാഠം പഠിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു. കെജ്രിവാളിന്റെ ജാമ്യം ഇൻഡ്യമുന്നണിയുടെ ആത്മവിശ്വാസം ഇരട്ടിക്കും. അധികാര പ്രമത്തതയിൽ അപ്പുറത്ത് നിൽക്കുന്നവരെയൊക്കെ കാരാഗ്രഹത്തിൽ അടക്കാമെന്ന ബി.ജെ.പിയുടെ അഹന്തക്ക് കിട്ടിയ അടിയാണ് കെജ്രിവാളിനു ഇപ്പോൾ ലഭിച്ച ജാമ്യം. രാജ്യത്ത് നീതിന്യായ വ്യവസ്ഥ പൂർണമായും ഇരുളടഞ്ഞതല്ലെന്നും സാധരണക്കാരന് അത്താണിയായി കീഴ്കോടതികളുമുണ്ട് എന്ന് ഇതു വ്യക്തമാക്കുന്നു. രണ്ടാം യു.പി.എ സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഏറ്റവും കൂടുതൽ പണിയെടുത്തവരിൽ ഒരാളാണ് കെജ്രിവാൾ. പക്ഷെ രാജ്യം അതീവ ഭീഷണിനേരിടുമ്പോൾ എല്ലാം മറന്ന് അവരെയും ഒപ്പം കൂട്ടുകയാണ് കോൺഗ്രസ് ചെയ്തത്. ഇപ്പോൾ ലഭ്യമായ ജാമ്യം ഇൻഡ്യ മുന്നണിക്ക് പൊതുവെ ആത്മവിശ്വാസം വർധിപ്പിക്കും. പോരാട്ടങ്ങൾക്ക് അത് കൂടുതൽ കരുത്തു പകരുമെന്നും പഴകുളം മധു പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി റീജിയൽ പ്രസിഡന്റ് ഇ.കെ സലിം, ഹനീഫ് റാവുത്തർ, തോമസ് ശെതപ്പറമ്പൻ, ബിനു പി ബേബി, ജോജി വി ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.