ഗവർണറുടെ നടപടിയിൽ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു
text_fieldsദമ്മാം: കേരള ഗവർണറുടെ വാർത്തസമ്മേളനത്തിൽനിന്ന് കൈരളി, മീഡിയവൺ മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത് ജനാധിപത്യവിരുദ്ധവും ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ അപമാനിക്കുന്നതുമാണെന്ന് ദമ്മാം മീഡിയ ഫോറം പ്രസ്താവനയിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പങ്കെടുക്കാൻ നേരത്തേ ഔദ്യോഗിക അനുമതി നൽകിയിരുന്നു. ഇതിനുശേഷമാണ് കൈരളി, മീഡിയവൺ സംഘത്തെ വാർത്തസമ്മേളന ഹാളിൽനിന്നും ഇറക്കിവിട്ടത്. ജയ്‌ഹിന്ദ് ടി.വിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു.
ബോധപൂർവം മാധ്യമങ്ങളെ അപമാനിക്കുന്നതും ഒപ്പം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനെതിരായ സമീപനവുമാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് മീഡിയ ഫോറം പ്രസ്താവനയിൽ പറഞ്ഞു.ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ ഗവർണർക്ക് അധികാരം നൽകിയിട്ടില്ല. നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം.
അത് ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് കേരളത്തിലെ ജനങ്ങളുടെ പ്രതികരണത്തിൽനിന്നും ഗവർണർ ഉൾക്കൊള്ളണം. വിമർശനത്തോട് കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധ നിലപാടും ഗവർണർ അവസാനിപ്പിക്കണമെന്ന് ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ, ട്രഷറർ നൗഷാദ് ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.