17 സ്ഥാനാർഥികളിലൂടെ തദ്ദേശപ്പോരിൽ ദമ്മാം നവോദയയും
text_fieldsദമ്മാം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഗോദയിൽ ഇത്തവണ അങ്കത്തിനിറങ്ങിയവരിൽ 17 പേർ ദമ്മാമിലെ നവോദയ സാംസ്കാരിക വേദിയുടെ മുൻ പ്രവർത്തകർ. പ്രവാസ ഭൂമികയിൽ ഇടതുരാഷ്ട്രീയത്തിന് കരുത്തുപകർന്ന അനുഭവങ്ങളാണ് ഇവരെ സ്ഥാനാർഥിത്വത്തിന് അർഹരാക്കിയത്. രാഷ്ട്രീയ മേഖലയുടെ ഭാവി അടഞ്ഞുപോകാൻ മാത്രമേ പ്രവാസം ഉപകരിക്കൂ എന്ന പതിവ് പല്ലവികളെ തിരുത്തിക്കുറിക്കുകയാണ് നവോദയ പ്രവർത്തകരെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ നവോദയ സാംസ്കാരിക വേദി മുന്നോട്ടുവെച്ച മതനിരപേക്ഷ കാഴ്ചപ്പാടിനുള്ള അംഗീകാരമാണിതെന്നും അവർ പറഞ്ഞു. സുഷമ റെജി (കൊല്ലം, ഇടമുളക്കൽ പഞ്ചായത്ത്), ഹസീന (മലപ്പുറം, പെരിന്തൽമണ്ണ പഞ്ചായത്ത്), അയ്യൂബ് (തൃശൂർ ശ്രീനാരായണപുരം പഞ്ചായത്ത്), സജീർ (കൊല്ലം കുമ്മിൾ പഞ്ചായത്ത്), ശ്രീകുമാർ (ആലപ്പുഴ ദേവികുളങ്ങര പഞ്ചായത്ത്), ഷാജഹാൻ ഇട്ടോൽ (കണ്ണൂർ മാടായി പഞ്ചായത്ത്), ഹംസ (മലപ്പുറം ഇടരിക്കോട് പഞ്ചായത്ത്), അജയകുമാർ (ആലപ്പുഴ പുറക്കാട് പഞ്ചായത്ത്), സോമനാഥൻ (കോഴിക്കോട് കുരുവട്ടൂർ പഞ്ചായത്ത്), അശോകൻ (തിരുവന്തപുരം വെമ്പായം പഞ്ചായത്ത്), സുനിൽ (പത്തനംതിട്ട കടമ്പനാട് പഞ്ചായത്ത്), ഷാൻ ഹുസൈൻ (കൊല്ലം കലഞ്ചൂർ പഞ്ചായത്ത്), ഷിബിൻദാസ് (മലപ്പുറം കാലടി പഞ്ചായത്ത്), സജീർ (മലപ്പുറം കാലടി പഞ്ചായത്ത്), അൻസാർ (കൊല്ലം തേവലക്കര പഞ്ചായത്ത്), അഖിൽ (എറണാകുളം പുത്തൻകുരിശ് പഞ്ചായത്ത്), സി.കെ. കാസിം (എറണാകുളം പാറക്കടവ് പഞ്ചായത്ത്) എന്നിവരാണ് മത്സര രംഗത്തുള്ള നവോദയയുടെ മുൻ പ്രവർത്തകർ. സൗദി അറേബ്യയുടെ സവിശേഷ സാഹചര്യത്തിലും പ്രവാസികളെ ശരിയായ രാഷ്ട്രീയ സാംസ്കാരിക ദിശയിൽ സംഘടിപ്പിക്കുന്നതിന് നവോദയക്ക് കഴിഞ്ഞു എന്നതാണ് ഇത്രയധികം പേർ നാട്ടിൽ പരിഗണിക്കപ്പെടാൻ കാരണമെന്ന് നവോദയ ഭാരവാഹികൾ അവകാശപ്പെടുന്നു. ഇവരെ വിജയിപ്പിക്കുന്നതിനുള്ള എല്ലാവിധ പ്രവർത്തനങ്ങൾക്കും സംഘടന മുന്നിട്ടിറങ്ങും.
ഡിസംബർ മൂന്നിന് ഈ സ്ഥാനാർഥികളെല്ലാം സൗദിയിലെ നവോദയ പ്രവർത്തകരുമായി ഒാൺലൈനിൽ സംവദിക്കും. ദമ്മാം മീഡിയാഫോറം ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് പവനൻ മൂലക്കൽ, രക്ഷാധികാരി ഇ.എം. കബീർ, സാംസ്കാരിക സമിതി ചെയർമാൻ സൈനുദ്ദീൻ കൊടുങ്ങല്ലൂർ, ഷമീം, ആക്ടിങ് സെക്രട്ടറി റഹീം മടത്തറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.