മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദമ്മാം ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsദമ്മാം: നവകേരള യാത്രയെന്ന പേരിൽ കേരളത്തിന്റെ പൊതുമുതൽ ധൂർത്തടിച്ച് വിനോദയാത്ര നടത്തിയ പിണറായി സർക്കാറിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നരനായാട്ടിലും മുഖ്യമന്ത്രിയുടെ ഗുണ്ടാരാജിലും പ്രതിഷേധിച്ച് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീതിക്കായി പ്രതിഷേധത്തെ ചോരക്കളമാക്കാൻ മത്സരിച്ച പൊലീസ് ഗുണ്ടായിസമാണ് കേരളം കണ്ടത്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു പ്രകോപനവുമില്ലാതെ ടിയർ ഗ്യാസ് പ്രയോഗിച്ച പൊലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. നേതാക്കളെയും പ്രവർത്തകരെയും തെരുവിൽ തല്ലിച്ചതച്ച് പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം പറഞ്ഞു.
സമാധാനത്തിന്റെ പാതയിൽ ജനാധിപത്യ രീതിയിൽ മുന്നോട്ടു പോകണം എന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. കോൺഗ്രസ് പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്ന സി.പി.എം ഗുണ്ടകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം. കലാപത്തിനുള്ള ആഹ്വാനം പിൻവലിച്ച് പാർട്ടി ഗുണ്ടകളെ നിലക്കുനിർത്തി നാട്ടിൽ സമാധാനം പുലർത്താനുള്ള മുഖ്യമന്ത്രിയുടെ കടമ നിർവഹിക്കണമെന്ന് പിണറായി വിജയനോട് യോഗം ശക്തമായി ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചു വന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജനവിരുദ്ധ ഗുണ്ടാ സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.