സംഘടന തെരഞ്ഞെടുപ്പിനൊരുങ്ങി ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: കെ.പി.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി ഒമ്പതുവർഷങ്ങൾക്കു ശേഷം മെംബർഷിപ് കാമ്പയിൻ പൂർത്തിയാക്കി സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു.
2022 ആഗസ്റ്റ് ഒന്നുമുതൽ ഡിസംബർ 31 വരെ ആറുമാസക്കാലം നീണ്ടുനിന്ന മെംബർഷിപ് കാമ്പയിനിലൂടെ ലഭിച്ച അപേക്ഷകൾ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് എത്തിച്ച്, കെ.പി.സി.സി പ്രസിഡന്റിന്റെയും ഗ്ലോബൽ ചെയർമാന്റെയും ഒപ്പോടുകൂടിയ മെംബർഷിപ് കാർഡുകളുടെ അച്ചടി ജോലികൾ പൂർത്തിയാക്കി അതത് രാജ്യങ്ങളിലെത്തിച്ചാണ് 2025 ഡിസംബർ 31 വരെ കാലാവധിയുള്ള മെംബർഷിപ് കാർഡുകൾ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി അംഗങ്ങൾക്ക് നൽകുന്നത്.
ജൂൺ 15നകം മെംബർഷിപ് കാർഡുകളുടെ വിതരണം പൂർത്തിയാക്കി ആഗസ്റ്റ് 15നകം വിവിധ ജില്ല-ഏരിയ കമ്മിറ്റികൾ ജനറൽബോഡി യോഗം വിളിച്ചുകൂട്ടി ഒ.ഐ.സി.സി ബൈലോ അനുസരിച്ച് പുതിയ ജില്ല-ഏരിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് റീജനൽ കമ്മിറ്റി ചുമതലപ്പെടുത്തുന്ന വരണാധികാരികളുടെ സാന്നിധ്യത്തിൽ നടത്തണമെന്ന് പ്രസിഡന്റ് ബിജു കല്ലുമല എക്സിക്യൂട്ടിവ് യോഗത്തിൽ പറഞ്ഞു.
തുടർന്ന് സെപ്റ്റംബറിൽ ദമ്മാമിൽ പുതിയ റീജനൽ കമ്മിറ്റി നിലവിൽ വരുമെന്നും പ്രസിഡന്റ് ബിജു കല്ലുമല വ്യക്തമാക്കി. ബിജു കല്ലുമലയുടെ അധ്യക്ഷതയിൽ ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന വിശാല എക്സിക്യൂട്ടിവ് യോഗത്തിൽ 2019 മുതൽ 2023 ഏപ്രിൽ വരെയുള്ള വരവുചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റർ പി.കെ. അബ്ദുൽകരീം പ്രസിഡന്റ് ബിജു കല്ലുമലക്ക് കൈമാറി.
സി. അബ്ദുൽ ഹമീദ്, ഹനീഫ് റാവുത്തർ, ശിഹാബ് കായംകുളം, സിറാജ് പുറക്കാട്, ഷംസു കൊല്ലം, സക്കീർ ഹുസൈൻ, സുമേഷ് കാട്ടിൽ, രാധിക ശ്യാം പ്രകാശ് തുടങ്ങിയ നേതാക്കളും വിവിധ ജില്ല-ഏരിയ- വനിതാവേദി കമ്മിറ്റി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.