ദമ്മാമിെൻറ സ്വന്തം മമ്മു മാഷ് മടങ്ങുന്നു
text_fieldsദമ്മാം: സാർഥകമായ 16 ആണ്ട് നീണ്ട പ്രവാസത്തിനൊടുവിൽ ദമ്മാമിെൻറ പ്രിയപ്പെട്ട മമ്മു മാഷ് മടങ്ങുന്നു. ദമ്മാം അൽ മുന ഇൻറർനാഷനൽ ഇന്ത്യൻ സ്കുളിെൻറ സ്ഥാപക പ്രിൻസിപ്പാളായെത്തിയ അദ്ദേഹം ദമ്മാമിലെ പ്രവാസ സമൂഹത്തിനിടയിലെ സംസ്കാരിക മേഖലയിൽ ഹൃദ്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചാണ് മടങ്ങുന്നത്. അധ്യാപനത്തിനൊപ്പം സമൂഹിക ചലനങ്ങളുടെ ഒപ്പം നീങ്ങാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
കണ്ണൂർ വേങ്ങാട് അങ്ങാടിയിലെ കെ.പി. കുട്ട്യാലിയുടെയും സുലൈഖയുടെയും രണ്ട് മക്കളിൽ മൂത്തവനായി ജനിച്ച മമ്മു പഠനത്തിൽ മിടുക്കനായിരുന്നു. കുടുംബത്തിൽ കുറേ അധ്യാപകരുള്ളതിനാൽ ഉമ്മ എപ്പോഴും മമ്മുവിനോട് പറയും ‘നീ പഠിച്ച് വലിയ മാഷാകണം’ അല്ലെങ്കിൽ എെൻറ കുട്ടി, ചുമടെുക്കാനും വണ്ടി വലിക്കാനും പോകേണ്ടി വരും. അതിനുള്ള ആവത് എെൻറ കുട്ടിക്കില്ലല്ലോ’ ഉമ്മയലുടെ ഈ വാക്കുകൾ മനസ്സിലേറ്റിയ മമ്മു ഭാവിയിൽ ആരാകണമെന്ന അധ്യാപരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു ശങ്കയുമില്ലാതെ ‘എനിക്ക് മാഷാകണം’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
ഫാറൂഖ് ബി.എഡ് കോളജിൽ നിന്ന് പഠിച്ചിറങ്ങിയ ഉടനെതന്നെ തളിപ്പറമ്പ് സീതി ഹാജി ഹയർ സെക്കൻഡറി സ്കുളിൽ അധ്യാപകനായി ജോലി ലഭിച്ചു. വടിയുമായി ക്ലാസ്സിലെത്തി കണ്ണുരുട്ടിപഠിപ്പിക്കുന്ന അധ്യാപകരിൽ നിന്ന് വ്യത്യസ്ഥമായി കഥപറഞ്ഞും ജീവൽഗന്ധിയായ ഉദാഹരണങ്ങൾ പറഞ്ഞും പഠിപ്പിക്കുന്ന അധ്യാപകനെ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. തൊട്ടടുത്ത വർഷം മലപ്പട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കുളിൽ അധ്യാപകനായി.
പിന്നീട് സ്വന്തം നാട്ടിൽ വേങ്ങാട് ഹയർസെക്കൻഡറി സ്കുൾ അധ്യാപകൻ. എളയാവൂർ വാരത്ത് പുതിയ സ്കുൾ തുടങ്ങിയപ്പോൾ അതിെൻറ തലപ്പത്ത് ഇരിക്കാൻ അവിടുത്തുകാർ അന്വേഷിച്ച് കണ്ടെത്തിയത് മമ്മു മാസ്റ്ററെയാണ്. ഡെപ്യുട്ടേഷനിൽ ഈ സ്കുളിൽ എത്തുമ്പോൾ 35 കുട്ടികൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. അഞ്ചുവർഷത്തിന് ശേഷം അവിടെ നിന്ന് പടിയിറങ്ങുമ്പോൾ സ്കുളിൽ കുട്ടികളുടെ എണ്ണം 2,500.
പെരിങ്ങത്തുർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്ന അടുത്ത ദൗത്യം. ആറുകൊല്ലം കൊണ്ട് ആ സ്കൂളിനെ വലിയ വിജയത്തിലെത്തിച്ചു. അതിനിടയിലാണ് ദമ്മാമിൽ അൽമുന സ്കൂൾ നയിക്കാൻ ചെയർമാൻ ടി.പി. മുഹമ്മദിെൻറ ക്ഷണമെത്തുന്നത്. ചെറിയ നിലയിൽ തുടങ്ങിയ സ്കൂളിനെ ഇന്നത്തെ നിലയിൽ പ്രതാപത്തിലാക്കാൻ അദ്ദേഹത്തിെൻറ നേതൃത്വത്തിനായി.
കുട്ടികളുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുക. രക്ഷിതാക്കളെ കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുക. അതാണ് താൻ പിന്തുടരുന്ന രീതിയെന്ന് മമ്മു മാഷ് പറഞ്ഞു. കുട്ടികളെ മുല്യമുള്ളവരായി വളർത്തുക. ഭാവിയെകുറിച്ച് പ്രതീക്ഷയും ആഗ്രഹങ്ങളും ജനിപ്പിക്കുന്ന കഥകളും സംഭവങ്ങളും അവരിലേക്ക് പകരുക.
തീർച്ചയായും അതിന് ഫലം ഉണ്ടാകുമെന്നും തെൻറ അനുഭവങ്ങളെ മുന്നിൽ നിർത്തി മാഷ് പറഞ്ഞു. 48 വർഷം നീണ്ട അധ്യാപക ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നത് മറ്റൊരു ദൗത്യവുമായാണ്. കണ്ണൂരിലെ സീൽ ഇൻറർനാഷനൽ അക്കാദമിയുടെ അക്കാദമിക് ഡയറക്ടർ സ്ഥാനത്തേക്കാണ് പോകുന്നത്. എവിടേക്ക് തിരിഞ്ഞാലും തന്നെ തേടിയെത്തുന്ന ‘മാഷേ’ എന്ന വിളിയാണ് തെൻറ ഏറ്റവും വലിയ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.
താൻ പഠിപ്പിച്ച കുട്ടികൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉന്നത തസ്തികകളിൽ ജോലിചെയ്യുന്നു. അങ്ങനെയൊരാൾ ഒരിക്കൽ കണ്ടപ്പോൾ താൻ ക്ലസ്സിൽ സയൻസ് പഠിപ്പിച്ചിരുന്നപ്പോൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ പറഞ്ഞ ഉദാഹരങ്ങൾ ആവർത്തിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങൾ മായിക്കാത്ത രീതിയിൽ കുട്ടികളുടെ ഹൃദയത്തിൽ അറിവുകൾ കൊത്തിവെക്കാൻ ഒരു അധ്യാപകന് കഴിയുമ്പോൾ മാത്രമേ അയാൾ വിജയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി നേതൃത്വ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി, മുന ഗ്രൂപ്പ് ഓഫ് സ്കൂളുകളുടെ പ്രിൻസിപ്പൽ ഫോറം പ്രസിഡൻറ് എന്നീ പദവികൾ വഹിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ യൂനിയൻ കൗൺസിലർ, യൂനിയൻ എക്സിക്യൂട്ടീവ് അംഗം, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് യൂനിയൻ ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എന്നിങ്ങനെ പഠനകാലം മുതലേ സാമൂഹിക സംഘടന രംഗത്തും നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ഈ മാസം 30-ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങും. ഭാര്യ ൈസബുന്നിസ നാട്ടിൽ കാത്തിരിപ്പുണ്ട്. നാലുമക്കളിൽ ഐ.ടി വിദഗ്ധനായ മൂത്തമകൻ ഫായിസ് ന്യൂയോർക്കിലാണ്. രണ്ടാമത്തെയാൾ ദിൽഷാന യു.കെയിലും മൂന്നാമത്തെ മകൾ ഹാഫിസ നവാർ കൊച്ചിയിലും നാലാമത്തെ മകൻ ജബിൻ ജവാദ് കുവൈത്തിലുമാണ്.
ദമ്മാമിലെ സാംസ്കാരിക വേദികളിൽ സ്ഥിര സാന്നിധ്യമായ അദ്ദേഹം മടങ്ങുമ്പോൾ പ്രവാസി സമൂഹം അദ്ദേഹത്തിന് യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ്. വ്യാഴം, ശനി ദിവസങ്ങളിൽ വിപുലമായ രണ്ട് പരിപാടികളിൽ യാത്രയയപ്പ് ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.