പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി: യാംബുവിലെ കോൺസുലാർ സന്ദർശനം റദ്ദാക്കി
text_fieldsയാംബു: ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ യാംബു മേഖലയിൽ ജൂൺ 11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ച സന്ദർശനം റദ്ദാക്കിയെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇത് മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി.ജനുവരി 29നാണ് അവസാനമായി യാംബു മേഖലയിൽ കോൺസുലാർ സംഘം സന്ദർശനം നടത്തിയത്. ഇപ്പോൾ നിശ്ചയിച്ചിരുന്ന സന്ദർശനം ഇന്ത്യക്കാർ ഏറെ താൽപര്യത്തോടെയാണ് കാത്തിരുന്നത്.
അതാണ് ഇപ്പോൾ മാറ്റിവെച്ചത്. പാസ്പോർട്ട് പുതുക്കാനും അറ്റസ്റ്റേഷനുമായി ധാരാളം പേർ അപ്പോയിൻറ്മെൻറ് എടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് സന്ദർശനം റദ്ദ് ചെയ്ത വിവരം അറിയുന്നത്.
ജനുവരിയിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയപ്പോൾ അഭൂതപൂർവമായ തിരക്കാണ് യാംബുവിൽ അനുഭവപ്പെട്ടത്. എല്ലാദിവസവും പാസ്പോർട്ട് പുതുക്കാൻ കഴിയുന്ന യാംബുവിലെ 'വേഗ' ഓഫിസിലെ സംവിധാനം ഈ വർഷം ജനുവരി മുതൽ നിർത്തലാക്കിയതാണ് വൻ തിരക്ക് അനുഭവപ്പെടാൻ കാരണം. മക്ക മേഖലയിലെ വിദേശകാര്യ മന്ത്രാലയ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് യാംബുവിലെ സന്ദർശനവും ജൂൺ 25, 26 തീയതികളിൽ അബഹ മേഖലയിൽ തീരുമാനിച്ച സന്ദർശനവും റദ്ദാക്കാൻ കാരണമെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കുന്നത്.
സൗദി അധികൃതരുമായി ബന്ധപ്പെട്ട് പുതിയ സന്ദർശന തീയതികൾക്കായി കോൺസുലേറ്റ് ശ്രമം നടത്തുമെന്നും അംഗീകാരം കിട്ടുന്ന മുറക്ക് തീയതി പ്രഖ്യാപിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. ജോലി ഒഴിവാക്കി അപ്പോയിൻറ്മെൻറ് എടുത്ത് ജിദ്ദ കോൺസുലേറ്റ് ഓഫിസിലെത്തി പാസ്പോർട്ട് പുതുക്കാനും മറ്റും വലിയ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നത് ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നു.
യാംബുവിൽനിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുറമെ ഉംലജ്, അൽറൈസ്, ബദ്ർ, റാബിഖ്, മദീന തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ധാരാളം പേർ പാസ്പോർട്ട് സംബന്ധമായ അപേക്ഷ സമർപ്പിക്കാൻ യാംബുവിൽ കോൺസുലേറ്റ് സന്ദർശന വേളയിൽ എത്താറുണ്ട്.
കോൺസുലേറ്റ് സന്ദർശനം അവസാന നിമിഷത്തിൽ മാറ്റിവെച്ചത് അറിയാതെ വ്യവസായ നഗരിയിലെ വിവിധ ലേബർ ക്യാമ്പുകളിൽനിന്നും മറ്റുമുള്ള പ്രവാസി ഇന്ത്യക്കാരുടെ ഒഴുക്ക് കോൺസുലേറ്റ് സംഘത്തിെൻറ സന്ദർശന വേദിയായ അൽമനാർ ഇൻറർനാഷനൽ സ്കൂളിലേക്ക് വെള്ളിയാഴ്ച ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.