സൗദിയിൽ ഈത്തപ്പഴ വിളവെടുപ്പുകാലം; വിപണികൾ സജീവം
text_fieldsയാംബു: സൗദി അറേബ്യയിൽ ഈത്തപ്പഴ വിളവെടുപ്പ് കാലമായതിനാൽ രാജ്യത്തുടനീളമുള്ള ഈത്തപ്പഴ വിപണിയും സജീവമായി. മദീന മേഖലയിലെ 29,000 ഈന്തപ്പന തോട്ടങ്ങളിൽ എല്ലാ വർഷവും ജൂൺ ആദ്യപാദത്തിൽ തന്നെ വിളവെടുപ്പ് ആരംഭിക്കും. ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ തന്നെ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്.
സൗദി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം നേരത്തേ പുറത്തിറക്കിയ റിപ്പോർട്ടിൽ രാജ്യത്ത് 3.4 കോടിയലധികം ഈന്തപ്പനകളിൽനിന്ന് പ്രതിവർഷം 16 ലക്ഷം ടൺ ഉൽപാദനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇൻറർനാഷനൽ ട്രേഡ് സെന്ററിന്റെ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞ വർഷം ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് അൽ ഖസീം മേഖലയിൽ മാത്രം 1.1 കോടി ഈന്തപ്പനകൾ കൃഷി ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 300 ഇനം ഈത്തപ്പഴങ്ങൾ സൗദിയിൽ വിവിധ മേഖലകളിൽ കൃഷി ചെയ്യുന്നുണ്ട്. കാർഷിക മൊത്ത ഉൽപന്നത്തിന്റെ 12 ശതമാനവും എണ്ണയിതര മൊത്ത ഉൽപന്നത്തിന്റെ 0.4 ശതമാനവും ഈത്തപ്പഴ വിപണിയിലൂടെയാണ്.
രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം 3.3 കോടിയിലെത്തിയതായും കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഇത് ലോകത്തെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് വികസനവും സുസ്ഥിരതയും വഴി ഈത്തപ്പഴ മേഖല വികസിപ്പിക്കുക എന്നത്. ഈ മേഖലയിലുണ്ടായ മഹത്തായ നേട്ടം രാജ്യത്തെ കാർഷിക മേഖലയിൽ കൈവരിച്ച മികവാണ് പ്രകടമാക്കുന്നത്.
മദീന മേഖലയിൽ പ്രസിദ്ധമായ വിവിധതരം പുതിയ ഈത്തപ്പഴങ്ങളാണ് വിപണിയിലുണ്ടാവുക. റൗത്താന, റാബിയ, ഹാലിയ, സുവൈദ, ഹൽവ, ലോന മുസൈദ് എന്നിവയുൾപ്പെടെ മദീനയിലും ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലും പ്രസിദ്ധമായ വിവിധതരം പുതിയ ഈന്തപ്പഴങ്ങളാണ് വിപണിയുടെ സവിശേഷത. ഉയർന്ന താപനില വിളവെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടത്തിൽ പാകമാകുന്ന വേഗതയെ ബാധിക്കുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിളവെടുപ്പ് പൂർത്തിയാക്കുന്നു.
കർഷകർ അവരുടെ ഈത്തപ്പഴം വിപണിയിൽ നേരിട്ട് പ്രദർശിപ്പിക്കുന്ന പതിവുണ്ട്. മദീനയിൽ അജ്വ, സഫാവി, ആംബർ, മെഡ്ജൂൾ, ബർണി തുടങ്ങിയ മുന്തിയ ഇനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം ഈത്തപ്പഴ വിപണിയുടെ പ്രവർത്തന നില നിരീക്ഷിക്കുന്നതിനും സാങ്കേതികവും ആരോഗ്യപരവുമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.