ഈത്തപ്പഴ കൃഷി: മികച്ച ഉൽപാദനത്തിന് ശാസ്ത്രീയ പദ്ധതി യാഥാർഥ്യമാകുന്നു
text_fieldsദമ്മാം: ഈത്തപ്പഴ കൃഷിരംഗത്ത് മികച്ച ഉൽപാദനത്തിനുതകുന്ന നിർണായക ചുവടുവെപ്പുമായി സൗദി. പരാഗണത്തിന് നൂതനവും ശാസ്ത്രീയവുമായ മാർഗങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതി നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതിയാണ് പുരോഗമിക്കുന്നത്. ഇതിെൻറ പുരോഗതി വിലയിരുത്തുന്നതിനായി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ (എം.ഇ.ഡബ്ല്യൂ.എ) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരാഗണത്തിനായി ഒരുക്കിയ ഈത്തപ്പനത്തോട്ടം സന്ദർശിച്ചു. പടിഞ്ഞാറ് ശഖ്റയിൽ ദിലാൽ അൽഇസ്സ് ഡേറ്റ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് പദ്ധതി യാഥാർഥ്യമാവുന്നത്.
ഒരു ഈത്തപ്പനയുടെ ചുവട്ടിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി മുളപൊട്ടുന്ന കാണ്ഡങ്ങൾ വേർപിരിച്ച് നട്ടാണ് നല്ല തൈകൾ ഉൽപാദിപ്പിക്കുന്നത്. ആൺ, പെൺ പൂവുകൾ വെവ്വേറെ പനകളിലാണ് ഉണ്ടാവുന്നത്. ഗുണമേന്മയുള്ള ആൺ പൂങ്കുലകളിൽ നിന്നുള്ള ഇതളുകൾ പെൺമരങ്ങളിലെ പാകമായി വരുന്ന പൂങ്കുലകളിൽ കെട്ടിവെക്കുന്നതാണ് കൃത്രിമ പരാഗണത്തിെൻറ പൊതുരീതി.
പിന്നീട്, അവക്കനുകൂലമായ കാലാവസ്ഥയിൽ മികച്ച പരിചരണത്തിലൂടെ നല്ല ഫലങ്ങൾ കൊയ്തെടുക്കാം. എന്നാൽ, ഈ പദ്ധതിയുടെ ഭാഗമായി തികച്ചും ശാസ്ത്രീയമായ രീതിയിൽ കൂടുതൽ മികച്ച സവിശേഷ ഇനം ആൺ പൂങ്കുലകൾ മാത്രം ഉൽപാദിപ്പിക്കുന്ന തോട്ടങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നത്.
2019 ൽ മുന്നൊരുക്കങ്ങൾ ആരംഭിച്ച പ്രസ്തുത പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം വിത്തുകളാണ് (പൂങ്കുലകൾ) ഉൽപാദിപ്പിക്കാനാവുക. ശാസ്ത്രീയമായി വികസിപ്പിച്ച വിത്തുകൾ പ്രത്യേകമായി പൊതിഞ്ഞ് വർഷത്തിൽ ഏതു സീസണിലും ഉപയോഗിക്കാവുന്ന രീതിയിൽ തദ്ദേശ-അന്താരാഷ്ട്ര വിപണിയിലെത്തിക്കാനാണ് ആസൂത്രണം ചെയ്യുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഇത്തരത്തിലൊരു പദ്ധതി ആദ്യമായാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. നവീനമായ ഈ ഉൽപാദന രീതിയിലൂടെ മികച്ച ഫലമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തൽ. വിഷൻ 2030െൻറ ചുവടുപിടിച്ച് മുന്നേറുന്ന സൗദി, 2025 ഓടെ ഈ രീതി ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെത്തിക്കും. കമ്പോളത്തിൽ ലഭിക്കുന്ന ഗുണമേന്മയുള്ള ത്വയ്യാർ, മിജ്നാസ്, ഗോർ തുടങ്ങിയ ജൈവ പൂങ്കുലകൾക്കു പുറമെ പുതിയ ഉൽപന്നങ്ങളും വിപണിയിലെത്തും.
മുമ്പ്, ഈത്തപ്പനകളെ പ്രതികൂലമായി ബാധിച്ചിരുന്ന കീടാണുവിനെ തുരത്താൻ 'ദ റെഡ് വീവിൽ കൺട്രോൾ പ്രോഗ്രാം' എന്ന ശീർഷകത്തിൽ ഒരു ലക്ഷം കോടി, 766 ദശലക്ഷം റിയാലിെൻറ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നവീന കൃഷിരീതികൾ പരിചയപ്പെടുത്തൽ, വളം- കീടനാശിനി എന്നിവയുടെ വിതരണവും ഉപയോഗവും, ജലസേചന മാർഗങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ബൃഹദ് പദ്ധതി നടപ്പാക്കിയിരുന്നു. ഈത്തപ്പഴകൃഷിക്ക് ഊർജമേകുന്ന ഈ പദ്ധതി 2021ൽ പൂർത്തിയാകും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കിഴക്കൻ സൗദിയിലെ അൽഅഹ്സയിലും ഈത്തപ്പഴകൃഷി കൂടുതൽ സജീവമാകും. ലോക കമ്പോളത്തിൽ ആവശ്യക്കാരേറെയുള്ള ഈത്തപ്പഴമാണ് യുനെസ്കോ പൈതൃകപട്ടികയിൽ ഇടംപിടിച്ച അൽഅഹ്സ താഴ്വരയിലേത്. 30,000 ഏക്കർ വിസ്തീർണമുള്ള മൂന്ന് മില്യനോളം വരുന്ന ഈത്തപ്പനകൾ ഉൾക്കൊള്ളുന്ന, 50ലേറെ ഗ്രാമങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന തോട്ടങ്ങളിൽ വിവിധയിനം ഈത്തപ്പഴങ്ങളാണ് കൃഷി ചെയ്യുന്നത്.
വേനൽക്കാലത്തെ വിളവെടുപ്പിനുശേഷം കര്‍ഷകര്‍ക്കും ഉൽപാദകര്ക്കും വിതരണക്കാര്‍ക്കും നിക്ഷേപകർക്കും രുചിക്കൂട്ടുകളൊരുക്കി നഗരസഭ സംഘടിപ്പിക്കാറുള്ള ഈത്തപ്പഴമേളയോടെയാണ് ഈത്തപ്പഴ സീസണ് സമാപനമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.